ജയ്ശ്രീറാം ഇന്ത്യയില്‍ ഉയര്‍ന്നുവന്നതല്ലെങ്കില്‍ പിന്നെ പാകിസ്താനിലാണോ; ബംഗാളില്‍ വര്‍ഗീയത പറഞ്ഞ് അമിത് ഷായും ബി.ജെ.പിയും
national news
ജയ്ശ്രീറാം ഇന്ത്യയില്‍ ഉയര്‍ന്നുവന്നതല്ലെങ്കില്‍ പിന്നെ പാകിസ്താനിലാണോ; ബംഗാളില്‍ വര്‍ഗീയത പറഞ്ഞ് അമിത് ഷായും ബി.ജെ.പിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th February 2021, 4:59 pm

കൊല്‍ക്കത്ത: ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് ബി.ജെ.പി. ജയ് ശ്രീറാം വിളിക്കുന്നവരെ കുറ്റവാളികളായാണ് മമത ബാനര്‍ജി കാണുന്നതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചു.

ജയ്ശ്രീറാം എന്നു വിളിക്കുന്നത് മമതാ ബാനര്‍ജിക്ക് അപമാനമുണ്ടാക്കുന്ന കാര്യമാണോ എന്നും ഇത്രയധികം ആളുകള്‍ അതില്‍ അഭിമാനിക്കുമ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് അത് അപമാനമായി തോന്നുന്നതെന്നും അമിത് ഷാ പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയം നിലനിര്‍ത്താന്‍ ഒരു പ്രത്യേക സമൂഹത്തെ പ്രീണിപ്പിക്കാന്‍ മമത ആഗ്രഹിക്കുന്നതിനാലാണിതെന്നും മറ്റുള്ള സമുദായത്തിലെ ആരും മമതയ്ക്ക് വോട്ടു ചെയ്യാറില്ലേയെന്നും അമിത് ഷാ ചോദിച്ചു.

ജയ്ശ്രീറാം വിളി ഇന്ത്യയില്‍ ഉയര്‍ന്നുവന്നതല്ലെങ്കില്‍ പിന്നെ പാകിസ്താനില്‍ ഉണ്ടായതാണോ എന്നും അമിത് ഷാ ചോദിച്ചു.

നേരത്തെ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷും മമതയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

ബി.ജെ.പിയുടെ രഥയാത്രയ്ക്ക് മമത സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മമതയ്ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത്.
മമത ബാനര്‍ജിക്ക് സ്വേച്ഛാധിപത്യ മാനസികാവസ്ഥയാണെന്നാണ് ദിലീപ് ഘോഷിന്റെ ആരോപണം.

‘മമത ബാനര്‍ജിയുടെ സ്വേച്ഛാധിപത്യ മാനസികാവസ്ഥ ഒരു ജനാധിപത്യത്തില്‍ നിലനില്‍ക്കില്ല. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ബംഗാളില്‍ മീറ്റിംഗുകളോ യാത്രകളോ നടത്താന്‍ അനുവാദമില്ല. അവര്‍ (മമത ബാനര്‍ജി) പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുകയും സര്‍ക്കാര്‍ പരിപാടികളില്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നു,’ ഘോഷ് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: If slogans of Jai Shri Ram are not raised in India, then will they be raised in Pakistan?” says Amith Shah