എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എം.പിയുമായ കെ.സി. വേണുഗോപാൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. 2026ൽ മാത്രം കാലാവധി അവസാനിക്കുന്ന അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ് ഇതോടുകൂടി കോൺഗ്രസിന് നഷ്ടമായേക്കും.
സമാനമാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്ന പാലക്കാട് നിയോജക മണ്ഡലം വിട്ട് ഷാഫി പറമ്പിൽ എം.എൽ.എ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തയും.
2018 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 200 സീറ്റുകളിൽ 99ഉം കോൺഗ്രസ് നേടിയിരുന്നു. ബി.ജെ.പി 73 സീറ്റുകളും. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം, 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 69 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ബി.ജെ.പി 115ലേക്കാണ് ഉയർന്നത്.
രാജസ്ഥാനില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിമാരും ലോക്‌സഭാ മത്സരത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിനാല്‍ കോണ്‍ഗ്രസിന് സീറ്റ് നഷ്ടമാകില്ല എന്നുമാണ് മറുവാദം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് അല്പമെങ്കിലും വിയര്‍ക്കേണ്ടി വരും. ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നമുക്ക് മുന്നിലുള്ള ഉദാഹരണമാണല്ലോ. ഹിമാചലില്‍ 68 അംഗ നിയമസഭയില്‍ വെറും 25 എം.എല്‍.എമാര്‍ മാത്രം ഉണ്ടായിട്ടും ബി.ജെ.പി രാജ്യസഭാ സീറ്റ് നേടി.
ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണക്കുന്ന മൂന്ന് സ്വതന്ത്രരും ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരേയൊരു സംസ്ഥാനവും ആശങ്കയുടെ നിഴലിലാണ്.
പിന്നെ രാജസ്ഥാനില്‍ എങ്ങനെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുക.
മൻമോഹൻ സിങ്ങിന്റെ സീറ്റിലേക്ക് സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോണിയയെ കൂടാതെ ബി.ജെ.പിയുടെ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ കണക്കുകൾ പ്രകാരം ഒരു സീറ്റ് നേടാൻ 58 വോട്ടുകളാണ് വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ 69 സീറ്റുകളുള്ള കോൺഗ്രസിന് അത് പ്രയാസമായിരുന്നില്ല. എന്നാൽ ഇനി ഒരു ഉപതെരഞ്ഞെടുപ്പ് വന്നാൽ സാഹചര്യങ്ങൾ പ്രതികൂലമാകാൻ മാത്രമാണ് സാധ്യത.
കേരളം പോലെ ബി.ജെ.പിയുടെ ഭീഷണിയില്ലാത്ത ഒരു സംസ്ഥാനത്ത് മത്സരിക്കുന്നതിന് വേണ്ടി, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റായ ആലപ്പുഴ മണ്ഡലം തിരിച്ചുപിടിക്കുന്നതിന് ഹിന്ദി ഹൃദയ ഭൂമിയിലെ സീറ്റ് നഷ്ടപ്പെടുത്തുകയാണ് കോൺഗ്രസ്.
ഇനി ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കുകയാണെങ്കിൽ വീണ്ടും നിയമസഭയിൽ സാന്നിധ്യം അറിയിക്കാൻ ബി.ജെ.പിക്ക് അവസരം നൽകുകയായിരിക്കും കോൺഗ്രസ് ചെയ്യുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 3,859 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷാഫി പാലക്കാട് നിലനിർത്തിയത്.
തൊട്ടുപിറകിലുണ്ടായിരുന്നത് ബി.ജെ.പിയുടെ ഇ. ശ്രീധരനായിരുന്നു. ഷാഫി 38.06% വോട്ട് നേടിയപ്പോൾ ശ്രീധരന് 35.34% വോട്ട് ലഭിച്ചിരുന്നു എന്നത് കോൺഗ്രസ് ഗൗരവത്തോടെ കാണേണ്ട കണക്കാണ്. മൂന്നാമതായ സി.പി.ഐ.എമ്മിന്റെ സി.പി. പ്രമോദ് അന്ന് നേടിയ വോട്ട് വിഹിതം 25.64 ശതമാനം മാത്രമായിരുന്നു.
ബി.ജെ.പിക്ക് നിയമസഭയിലേക്ക് വളരെയധികം സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു മണ്ഡലത്തിലെ എം.എൽ.എയെ തന്നെ വടകര നിലനിർത്താൻ കോൺഗ്രസ് തെരഞ്ഞെടുക്കുന്നു എന്നത് വോട്ടർമാർക്കിടയിലെങ്കിലും ആശങ്കയുണ്ടാക്കാതെ പോകില്ല.
CONTENT HIGHLIGHT: If Shafi Parambil and KC Venugopal contest in Loksabha Election, opportunities for BJP in Rajasthan and Palakkad