| Monday, 29th January 2018, 9:30 am

'പകോഡ വില്‍ക്കുന്നത് തൊഴിലാണെങ്കില്‍ ഭിക്ഷയെടുക്കുന്നതും തൊഴില്‍ തന്നെ'; മോദിയുടെ പൊള്ളയായ അവകാശവാദങ്ങളെ വിമര്‍ശിച്ച് പി. ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൊള്ളയായ അവകാശവാദങ്ങളെ നിശിതമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പകോഡ (ഒരു പലഹാരം) വില്‍ക്കുന്നത് തൊഴിലാണെങ്കില്‍ ഭിക്ഷയെടുക്കുന്നതും തൊഴിലായി പരിഗണിക്കേണ്ടിവരുമെന്ന് ചിദംബരം പറഞ്ഞു.

തൊഴിലുകള്‍ സൃഷ്ടിക്കുന്നതു സംബന്ധിച്ച് സര്‍ക്കാറിന് യാതൊരു ധാരണയുമില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. “പകോഡ വില്‍ക്കുന്നതു പോലും ജോലിയാണെന്ന് പ്രധാനമന്ത്രി പറയുന്നു. ഈ യുക്തി പ്രകാരം ഭിക്ഷയെടുക്കുന്നതു പോലും ജോലിയാണ്. ജീവിക്കാന്‍ വേണ്ടി ഭിക്ഷയെടുക്കാന്‍ നിര്‍ബന്ധിതരായ ഭിന്നശേഷിയുള്ളവരേയും പാവപ്പെട്ടവരേയും ജോലിയുള്ളവരായി കണക്കാക്കേണ്ടി വരും.” -ചിദംബരം പറയുന്നു.


Also Read: ‘ഞാന്‍ ബി.ജെ.പിക്ക് വോട്ടു ചെയ്യുകയോ ബി.ജെ.പി പ്രവര്‍ത്തകനെ പിന്തുണക്കുകയോയില്ല’ ബി.ജെ.പിക്ക് വോട്ടില്ലെന്ന് പ്രതിജ്ഞയെടുത്ത് മധ്യപ്രദേശിലെ ഐ.ടി.ഐ വിദ്യാര്‍ത്ഥികളും അധ്യാപകരും


പകോഡ വില്‍ക്കുന്ന ഒരാള്‍ ദിവസം 200 സമ്പാദിക്കുന്നുവെങ്കില്‍ അതൊരു തൊഴിലായി കണക്കാക്കാനാകില്ലേയെന്ന് അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു. തൊഴില്‍ വളര്‍ച്ച സംബന്ധിച്ച സര്‍ക്കാറിന്റെ അവകാശവാദങ്ങള്‍കൊണ്ട് തങ്ങളുടെ സാമാന്യബോധത്തെ കൊഞ്ഞനം കുത്തുന്നതിനെതിരെ പൊതുജനങ്ങള്‍ കരുതിയിരിക്കണമെന്നും ചിദംബരം ട്വീറ്റ് ചെയ്തു.

മോദിസര്‍ക്കാറിലെ ഒരു മന്ത്രി പറഞ്ഞത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ജോലികളും തൊഴിലുകളായി കണക്കാക്കണമെന്നാണ്. അതിനാല്‍ ഈ പദ്ധതിയിലുള്‍പ്പെട്ടവര്‍ കൊല്ലത്തില്‍ 100 ദിവസം തൊഴിലുള്ളവരും ബാക്കി 265 ദിവസം തൊഴില്‍രഹിതരുമാണെന്നും ചിദംബരം പരിഹസിച്ചു.


Don”t Miss: നടി തമന്നയ്ക്കു നേരെ ചെരിപ്പേറ്; ചെരിപ്പെറിഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു


കഴിഞ്ഞവര്‍ഷം 70 ലക്ഷം പുതിയ തൊഴിലുകള്‍ സൃഷ്ടിച്ചുവെന്ന അവകാശവാദത്തേയും ചിദംബരം ഖണ്ഡിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇ.പി.എഫ്) പേരു ചേര്‍ക്കപ്പെട്ട തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. ഇ.പി.എഫില്‍ പുതുതായി ഒരു പേര് ചേര്‍ക്കപ്പെടുമ്പോള്‍ അതിനര്‍ത്ഥം പുതുതായി ഒരു തൊഴില്‍ സൃഷ്ടിക്കപ്പെട്ടു എന്നല്ല. മറിച്ച് അനൗപചാരികമായ ഒരു ജോലി ഔപചാരികമാക്കപ്പെട്ടുവെന്നാണ്.

ശക്തമായ സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, ക്രെഡിറ്റ് ഡിമാന്റ് എന്നിവയാണ് യഥാര്‍ത്ഥമായ തൊഴില്‍ സൃഷ്ടിയെ പ്രതിഫലിപ്പിക്കുക. ഇത് ഇതുവരെ സംഭവിച്ചിട്ടില്ലെന്നും ചിദംബരം പറയുന്നു.

We use cookies to give you the best possible experience. Learn more