| Sunday, 25th September 2022, 10:17 am

മുസ്‌ലിങ്ങളുടെ വിശ്വാസമാണോ വേണ്ടത്? മദ്രസകള്‍ മാത്രമല്ല, ബില്‍ക്കീസിന്റേയും അഖ്‌ലാക്കിന്റേയും വീടുകള്‍ കൂടി സന്ദര്‍ശിക്കൂ; ആര്‍.എസ്.എസിനോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം സമുദായത്തിന്റെ വിശ്വാസം നേടണമെങ്കില്‍ ബില്‍ക്കീസ് ബാനുവിന്റേയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകള്‍ കൂടി സന്ദര്‍ശിക്കണമെന്ന് ആര്‍.എസ്.എസിനോടാവശ്യപ്പെട്ട് കോണ്‍ഗ്രസ്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് അടുത്തിടെ ദല്‍ഹിയിലെ തജ്‌വീദുല്‍ ഖുര്‍ആന്‍ മദ്രസ സന്ദര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.

കസ്തൂര്‍ബാ ഗാന്ധി മാര്‍ഗിലുള്ള മസ്ജിദിലെത്തിയാണ് ഉമര്‍ അഹമ്മദ് ഇല്യാസിയുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയത്. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാനാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതെങ്കില്‍ 2015ലെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മുഹമ്മദ് അഖ്‌ലാക്കിന്റെയും ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന്റെയും കുടുംബത്തെ കാണണം.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് ഭാഗവതിന്റെ പള്ളി സന്ദര്‍ശനമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞിരുന്നു. ന്യൂനപക്ഷ സമുദായത്തോടുള്ള ആര്‍.എസ്.എസ് മേധാവിയുടെ നിലപാടുകളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൂടിക്കാഴ്ചക്ക് ശേഷം മോഹന്‍ ഭാഗവതിനെ രാഷ്ട്രപിതാവെന്നായിരുന്നു ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവന്‍ ഉമര്‍ അഹമ്മദ് ഇല്ല്യാസി വിശേഷിപ്പിച്ചത്.

‘അദ്ദേഹം രാഷ്ട്രപിതാവും രാഷ്ട്രഋഷിയുമാണ്. അദ്ദേഹത്തിന്റെ സന്ദര്‍ശനം രാജ്യത്തിന് നല്ല സന്ദേശമാണ് നല്‍കുക. ഞങ്ങള്‍ ദൈവത്തെ ആരാധിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. എന്നാല്‍ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യമാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ഞങ്ങള്‍ കരുതുന്നു.’ ഇല്ല്യാസി പറഞ്ഞു.

രണ്ടാം തവണയാണ് മോഹന്‍ ഭാഗവത് മുസ്‌ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.
സാമുദായിക സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനായി എന്നാണ് അന്നത്തെ കൂടിക്കാഴ്ചയെ മോഹന്‍ ഭാഗവത് വിശേഷിപ്പിച്ചത്. പ്രവാചകനിന്ദ, വിദ്വേഷ പ്രസംഗം, ഗ്യാന്‍വാപി മസ്ജിദ് പ്രശ്നം, വിദ്വേഷ പ്രസംഗങ്ങളുടെ ഫലമായുണ്ടാകുന്ന സാമുദായിക സംഘര്‍ഷം എന്നിവ ചര്‍ച്ച ചെയ്തിരുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു എന്നാരോപിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) അന്വേഷണ ഏജന്‍സികള്‍ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പി.എഫ്.ഐക്കെതിരെ മാത്രമല്ല, മതവിദ്വേഷവും മതഭ്രാന്തും പ്രചരിപ്പിക്കുന്ന ഏതൊരു സംഘടനയ്ക്കെതിരെയും നടപടിയെടുക്കണമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു.

Content Highlight: If Rss is planning to attain the trust of muslims, they should visit the homes of bilkis bano and Akhlaq says Congress

We use cookies to give you the best possible experience. Learn more