റൊണാൾഡോ പോയാൽ വേറെ ആൾ വരും; റോണോയുടെ പകരക്കാരനുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച തുടങ്ങുന്നു
club football
റൊണാൾഡോ പോയാൽ വേറെ ആൾ വരും; റോണോയുടെ പകരക്കാരനുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച തുടങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 5th December 2022, 9:56 pm

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് പിന്നാലെ ഒരു പ്രോപ്പർ സ്ട്രൈക്കറെ തേടിയുള്ള അന്വേഷണത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ്.

റൊണാൾഡോക്ക് യുണൈറ്റഡിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ സാധിക്കാതെ വന്നതും, ആന്റണി മാർഷൽ പരിക്കേറ്റ് പുറത്തുപോയതും ഒരു സ്ട്രൈക്കറുടെ അഭാവം മാൻയുണൈറ്റഡിന് ഉണ്ടാക്കിയിരുന്നു.

റൊണാൾഡോയുമായി പരസ്പര ധാരണ പ്രകാരം പിരിഞ്ഞതിന് ശേഷം ജനുവരി ഒന്നിന് പുതിയ ട്രാൻസ്ഫർ വിൻഡോ തുറക്കാനിരിക്കെ, പല താരങ്ങളോടും യുണൈറ്റഡ് ചർച്ച തുടങ്ങി എന്നുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഇതിൽ തന്നെ യുണൈറ്റഡിൽ എത്തും എന്ന് ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട പേരാണ് നെതർലൻഡ്സിന്റെ വിങ്ങർ കോഡി ഗാക്പോയുടെത്. നിലവിൽ പി. എസ്.വി എയ്ന്ദോവന് വേണ്ടി കളിക്കുന്ന താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് ചർച്ചകൾ ആരംഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

പ്രമുഖ സ്പോർട്സ് ജേർണലിസ്റ്റും മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച വാർത്തകൾ ഏറ്റവും വേഗത്തിൽ പുറത്തു വിടുന്ന മാധ്യമ പ്രവർത്തകനുമായ ഫാബ്രിസിയോ റൊമാനോ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം കുറച്ചു ദിവസങ്ങൾക്കുള്ളിൽ കോഡി ഗാക്പോയുമായും മറ്റു ചില താരങ്ങളുമായും യുണൈറ്റഡ് ചർച്ചകൾ ആരംഭിക്കും എന്നാണ് വിവരം.

ഗാക്പോയെ വാങ്ങുന്നത് കൂടാതെ റൈറ്റ് ബാക്ക് ആയ ആരോൺ വാൻ ബിസ്സാക്കയെ വിൽക്കാനും യുണൈറ്റഡ് പദ്ധതിയിടുന്നുണ്ട്.


നിലവിൽ യുണൈറ്റഡിനായി കളിക്കുന്ന ഫ്രഡ്‌, ഹാരി മഗ്വയർ എന്നിവരുമായി ക്ലബ്ബിന് കരാർ പുതുക്കാൻ താല്പര്യം ഇല്ലെന്ന അഭ്യൂഹങ്ങൾ പുറത്ത് വരുന്ന സ്ഥിതിക്ക് ആരോൺ വാൻ ബിസ്കയെ വിറ്റ് പുതിയ ഡിഫെൻഡെഴ്സിനെ ടീമിലെത്തിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നുണ്ട്.

ലോകകപ്പിൽ നെതർലൻഡ്സിനായി മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ഗാക്പോ ലോകകപ്പിൽ ഇതുവരെ രണ്ട് ഗോളുകളും നേടിയിട്ടുണ്ട്.
ഡിസംബർ പത്തിന് ഇന്ത്യൻ സമയം രാത്രി 12:30 ന് അർജന്റീനയുമായാണ് ഓറഞ്ച് പടയുടെ ക്വാർട്ടർ ഫൈനൽ മത്സരം.

Content Highlights:If Ronaldo leaves someone else will come Manchester United open talks with Rono’s replacement