| Monday, 2nd October 2023, 2:44 pm

വിരാടും അശ്വിനും മാറി നിന്നേ... ഇന്ത്യ കപ്പടിച്ചാല്‍ ആ സൂപ്പര്‍ റെക്കോഡ് രോഹിത്തിന് മാത്രമുള്ളതാ; അഞ്ചാമനാകാന്‍ ഹിറ്റ്മാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. സ്‌ക്വാഡിലുണ്ടായിരുന്ന പോരായ്മകളെല്ലാം പരിഹരിച്ച് ഡബിള്‍ സ്‌ട്രോങ്ങായാണ് ഇന്ത്യ സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കപ്പുയര്‍ത്താന്‍ ഇറങ്ങുന്നത്.

2023 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും സൂപ്പര്‍ താരം ആര്‍. അശ്വിനെയും ഒരു തകര്‍പ്പന്‍ റെക്കോഡാണ് കാത്തിരിക്കുന്നത്. രണ്ട് വ്യത്യസ്ത ലോകകപ്പുകളില്‍ ഇന്ത്യക്കൊപ്പം കിരീടം ചൂടിയ താരങ്ങള്‍ എന്ന റെക്കോഡാണ് വിരാടും അശ്വിനും സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്.

2011ല്‍ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സംഗയുടെ ലങ്കയെ തോല്‍പിച്ച് ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ ആര്‍. അശ്വിനും വിരാട് കോഹ്‌ലിയും ടീമിന്റെ ഭാഗമായിരുന്നു.

2007 ടി-20 ലോകകപ്പ് നേടിയ ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും 2011 ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിക്കാത്തതിനാല്‍ രോഹിത് ശര്‍മക്ക് ഈ നേട്ടം അവകാശപ്പെടാന്‍ സാധിക്കില്ല.

എന്നാല്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് രോഹിത് ശര്‍മക്ക് മുമ്പിലുള്ളത്. മൂന്ന് വ്യത്യസ്ത ഐ.സി.സി കിരീടങ്ങള്‍ നേടിയ താരം എന്ന റെക്കോഡാണ് രോഹിത് ശര്‍മയെ കാത്തിരിക്കുന്നത്. 2007 ടി-20 ലോകകപ്പും 2013 ചാമ്പ്യന്‍സ് ട്രോഫിയും നേടിയ രോഹിത് ശര്‍മ 2023 ലോകകപ്പും നേടിയാണ് സ്വയം സമ്പൂര്‍ണനാകാന്‍ ഒരുങ്ങുന്നത്.

ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് ഇന്ത്യന്‍ താരമാകാനാണ് രോഹിത് ശര്‍മ ഒരുങ്ങുന്നത്. വിരേന്ദര്‍ സേവാഗ്, യുവരാജ് സിങ്, എം.എസ്. ധോണി, ഹര്‍ഭജന്‍ സിങ് എന്നിവരാണ് ഐ.സി.സി ടി-20 ലോകകപ്പ്, ഐ.സി.സി ലോകകപ്പ്, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് കിരടങ്ങളും തങ്ങളുടെ പോര്‍ട്‌ഫോളിയോയില്‍ എഴുതിച്ചേര്‍ത്ത ഇന്ത്യന്‍ താരങ്ങള്‍.

ഇതിന് പുറമെ മറ്റുപല റെക്കോഡുകളും ഈ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ പേരിലെഴുതിച്ചേര്‍ക്കപ്പെട്ടേക്കും. ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കാന്‍ 22 റണ്‍സാണ് രോഹിത്തിന് നേടേണ്ടത്. ആദ്യ രണ്ട് മത്സരത്തില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചാല്‍ വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരം എന്ന റെക്കോഡും രോഹിത്തിന് സ്വന്തമാക്കാം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 18,000 റണ്‍സ് എന്ന നേട്ടവും രോഹിത്തിന്റെ കണ്‍മുമ്പിലുണ്ട്. 17,642 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. വെറും 352 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത് ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് രോഹിത്തിന് നേടാന്‍ സാധിക്കുക.

മൂന്ന് അര്‍ധ സെഞ്ച്വറി കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു ഗംഭീര റെക്കോഡും രോഹിത് തന്റെ പേരില്‍ എഴുതിച്ചേര്‍ക്കും. ഇതുവരെ 97 അര്‍ധ സെഞ്ച്വറികള്‍ തന്റെ പേരില്‍ കുറിച്ച രോഹിത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാഫ് സെഞ്ച്വറിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആറാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് സ്വന്തമാക്കാന്‍ അവസരമുള്ളത്.

Content highlight: If Rohit Sharma wins the 2023 World Cup, he can become the player who has won three different ICC titles.

We use cookies to give you the best possible experience. Learn more