| Thursday, 21st December 2023, 10:57 pm

7, 10 നമ്പര്‍ ജേഴ്‌സികള്‍ വിരമിച്ചത് പോലെ 45, 18 നമ്പര്‍ ജേഴ്‌സികളും വിരമിക്കും: സുനില്‍ ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പിന്നീട് 45, 18 എന്ന നമ്പറുകള്‍ക്ക് കൂടെ വിരമിക്കല്‍ നല്‍കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ സുനില്‍ ഗവാസ്‌കര്‍ വിശ്വസിക്കുന്നത്.

ഇതിഹാസതാരം വിരാട് കോഹ്‌ലിയെയും രോഹിത്തിനെയും പ്രശംസിച്ചുകൊണ്ട് ഗവാസ്‌കര്‍ സംസാരിച്ചു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇരുവരും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും അതുകൊണ്ട് അവരുടെ ജേഴ്‌സികള്‍ വിരമിക്കുന്നതില്‍ അതിശയം ഇല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെയും മഹേന്ദ്ര സിങ് ധോണിയുടെയും വിരമിക്കലിന് പുറമേ അവരുടെ ജേഴ്‌സി നമ്പറും ബി.സി.സി.ഐ മറ്റാര്‍ക്കും നല്‍കിയില്ല. ഈ ആദരവ് തന്നെ കോഹ്‌ലിയും രോഹിത്തും അര്‍ഹിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

സൗത്ത് ആഫ്രിക്കെതിരെയുള്ള ഇന്ത്യയുടെ മൂന്നാം ഏകദിനത്തിനിടെ ആണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിരാടിന്റെയും രോഹിത്തിന്റെയും സ്വാധീനത്തെ കുറിച്ച് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

‘7, 10 നമ്പര്‍ ജേഴ്‌സികള്‍ വിരമിച്ചത് പോലെ 45, 18 നമ്പര്‍ ജേഴ്‌സികളും വിരമിക്കും,’ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

എം.എസ്. ധോണിയുടെ ഏഴാം നമ്പര്‍ ജേഴ്‌സി വിരമിച്ചത് ബി.സി.സി.ഐ അടുത്തിടെയാണ് ശ്രദ്ധയില്‍ പെടുത്തിയത്. ജേഴ്‌സി നമ്പര്‍ ഏഴ് ഇനി ഉണ്ടാവില്ലെന്ന് നിലവിലുള്ളതും വരാനിരിക്കുന്നതുമായ കളിക്കാരെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത ബോഡി അറിയിച്ചിരുന്നു.

Content Highlight: If Rohit Sharma and Virat Kohli retire from cricket, their jerseys will retire with them, says Sunil Gavaskar

Latest Stories

We use cookies to give you the best possible experience. Learn more