| Monday, 21st August 2023, 9:51 am

അതൊക്കെ ഞങ്ങളുടെ അടുക്കളക്കാര്യം; രമേശ് ചെന്നിത്തലക്ക് പ്രയാസമുണ്ടെങ്കില്‍ പരിഹരിക്കും: കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും വിപ്ലവകരമായ പ്രവര്‍ത്തക സമിതി പട്ടികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. രമേശ് ചെന്നിത്തല കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില്‍ ഒരാളാണെന്നും അദ്ദേഹത്തിന് പ്രയാസം വല്ലതും ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നേതൃത്വത്തിന് ഒരു മടിയും ഉണ്ടാകില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

‘ചിന്തന്‍ശിബിരത്തിന്റെ തീരുമാനം അനുസരിച്ച് 50 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പിന്നാക്ക പട്ടിക ജാതി, പട്ടിക വര്‍ഗ, ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരായിരിക്കുമെന്നത് അക്ഷരം പ്രതി പാലിച്ചുകൊണ്ടാണ് പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ ഏറ്റവും വിപ്ലവകരമായ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് പോലുള്ള ഒരു ജനാധിപത്യ പാര്‍ട്ടിയുടെ, ഞങ്ങളുടെ ഇടയിലുള്ള പ്രശനങ്ങളൊക്കെ പരിഹരിക്കാന്‍ കപ്പാസിറ്റിയും കാപ്പബിറ്റിയും ഞങ്ങള്‍ക്ക് വിട്ടുതാ. അത് ഞങ്ങള്‍ക്കുണ്ട്, ഞങ്ങളുടെ നേതാക്കന്മാരില്ലേ, അതൊക്കെ ഞങ്ങളുടെ അടുക്കള കാര്യങ്ങളാണ്. അതൊക്കെ ഞങ്ങള്‍ പരിഹരിക്കും. രമേശ് ചെന്നിത്തല കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാരില്‍ ഒരാളാണ്. അദ്ദേഹത്തിന് പ്രയാസം വല്ലതും ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ നേതൃത്വത്തിന് ഒരു മടിയും ഉണ്ടാകില്ല. അക്കാര്യത്തില്‍ ആര്‍ക്കും ഒരു പ്രയാസവും വേണ്ട. പട്ടികയിലെ നല്ല കാര്യങ്ങളെ കുറിച്ചല്ല മാധ്യമങ്ങള്‍ പ്രതികരിക്കുന്നത്. പട്ടികയിലെ ആരും മോശക്കാരല്ല. ഒരു പാര്‍ട്ടിയിലാകുമ്പോള്‍ പുതുമുഖങ്ങള്‍ വേണ്ടിവരും. മറ്റ് സമവാക്യങ്ങള്‍ തേടേണ്ടിവരും. അതൊക്കെ തേടി വരുമ്പോള്‍ ഉണ്ടാകുന്ന കാര്യങ്ങളെ അതില്‍ ഉണ്ടായിട്ടുള്ളൂ,’ കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്തതില്‍ രമേശ് ചെന്നിത്തലത്ത് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് കെ.സി. വേണുഗോപാലും എ.കെ. ആന്റണിയും ശശി തരൂരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവുമായി ഉള്‍പ്പപ്പെടുത്തിയിട്ടുള്ളത്. അങ്ങനെ ആകെ അഞ്ച് പേരാണ് കേരളത്തില്‍ നിന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ്, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ പ്രവര്‍ത്തക സമിതിയില്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇവര്‍ക്ക് പുറമേ 34 അംഗങ്ങളെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജസ്ഥാനില്‍ ഇടഞ്ഞുനിന്ന സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്.

Content Highlights: If Ramesh chennithala have any problem; we will solve it: KC Venugopal

We use cookies to give you the best possible experience. Learn more