മോദിയെ ആലിംഗനം ചെയ്തയാള്‍ കെജ്‌രിവാളിനോട് പിന്തുണയാവശ്യപ്പെടാന്‍ മടിക്കുന്നതെന്തിന്?: കോണ്‍ഗ്രസ്-ആം ആദ്മി ഭിന്നിപ്പ് രൂക്ഷം; ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും
national news
മോദിയെ ആലിംഗനം ചെയ്തയാള്‍ കെജ്‌രിവാളിനോട് പിന്തുണയാവശ്യപ്പെടാന്‍ മടിക്കുന്നതെന്തിന്?: കോണ്‍ഗ്രസ്-ആം ആദ്മി ഭിന്നിപ്പ് രൂക്ഷം; ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th August 2018, 10:26 am

ന്യൂദല്‍ഹി: ഇന്നു നടക്കുന്ന രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി. തങ്ങളുടെ മൂന്ന് പ്രതിനിധികളുടെ പിന്തുണ ലഭിക്കാനായി ആം ആദ്മി മുന്നോട്ടുവച്ച ആവശ്യം അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവാഞ്ഞതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നു. രാഹുല്‍ ഗാന്ധിയില്‍ നിന്നും നേരിട്ട് ഒരു ഫോണ്‍ കോള്‍ ലഭിക്കണമെന്നു മാത്രമേ തങ്ങളാവശ്യപ്പെട്ടുള്ളൂവെന്നും അതിനു കോണ്‍ഗ്രസ് തയ്യാറായില്ലെന്നും ആം ആദ്മി പ്രവര്‍ത്തകര്‍ പറയുന്നു.

ജെ.ഡി.യു സ്ഥാനാര്‍ത്ഥിയായ ഹരിവംശ് നാരായണന്‍ സിംഗിനു വേണ്ടി കേജ്‌രിവാളിന്റെ പിന്തുണ നേടാനായി ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ ആം ആദ്മി പാര്‍ട്ടിയുമായി നേരിട്ടു ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ഹരിവംശാണ് എന്‍.ഡി.എയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്നതിനാല്‍ ആവശ്യം കേജ്‌രിവാള്‍ നിരസിക്കുകയായിരുന്നു.

“കേന്ദ്രത്തില്‍ ബി.ജെ.പിയുമായി സഖ്യത്തിലുള്ള ജെ.ഡി.യുവിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുക എന്നത് ഒരുകാരണവശാലും സാധ്യമല്ല.” പാര്‍ട്ടി തീരുമാനത്തെക്കുറിച്ച് പ്രതികരിച്ചു കൊണ്ട് സഞ്ജയ് സിംഗ് പറഞ്ഞു.

 

Also Read: റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍.എസ്.എസ് താത്വികാചാര്യനെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

 

കോണ്‍ഗ്രസിനും തങ്ങളുടെ സഹായം വേണ്ടെന്ന് ഉറപ്പായ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന് സഞ്ജയ് സിംഗ് ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധി നേരിട്ട് ബന്ധപ്പെട്ടാല്‍ പിന്തുണ പ്രഖ്യാപിക്കാം എന്ന പാര്‍ട്ടി തീരുമാനത്തിനു തൊട്ടുപിന്നാലെയാണ് ബഹിഷ്‌കരണ വാര്‍ത്തയും പുറത്തുവന്നത്.

“രാഹുല്‍ ഗാന്ധിക്ക് നരേന്ദ്രമോദിയെ ആലിംഗനം ചെയ്യാമെങ്കില്‍, എന്തു കൊണ്ട് കെജ്‌രിവാളിനോട് പിന്തുണ ആവശ്യപ്പെട്ടുകൂടാ?” ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗങ്ങളിലൊരാളായ സഞ്ജയ് സിംഗ് ചോദിക്കുന്നു.

ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നവീന്‍ പട്‌നായിക്കും ജെ.ഡി.യു സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്ന ബി.കെ. ഹരിപ്രസാദിനെതിരെ ബി.ജെ.പിക്ക് വലിയ വിജയസാധ്യതയാണുള്ളത്.

 

Also Read: മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം: മുഖ്യപ്രതി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനിരുന്നയാളെന്ന് വെളിപ്പെടുത്തല്‍

 

ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പിലെ ഫലം എന്തു തന്നെയായാലും കോണ്‍ഗ്രസുമായുള്ള ബന്ധം ഇനി സുഗമമായിരിക്കില്ലെന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. തങ്ങളുടെ പിന്തുണ കോണ്‍ഗ്രസിന് എപ്പോഴും ഉണ്ടാകുമെന്ന ചിന്തയാണ് ഇത്തരം പ്രവൃത്തികള്‍ക്കു കാരണമെന്നും, ഇനിയതു വച്ചു പൊറുപ്പിക്കില്ലെന്നുമാണ് പാര്‍ട്ടിയുടെ പക്ഷം.

“കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്‍ഷ്യല്‍-വൈസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ചിരുന്നു. നന്ദിയറിയിക്കാനുള്ള ആര്‍ജവം പോലും അവര്‍ കാണിച്ചില്ല.” സിംഗ് പറയുന്നു.

യു.പി.എ സര്‍ക്കാരിനെ ലക്ഷ്യം വച്ചു കൊണ്ട് ആം ആദ്മി പാര്‍ട്ടി 2011ല്‍ നടത്തിയ അഴിമതി വിരുദ്ധ സമരത്തിന് മിക്ക കോണ്‍ഗ്രസ് നേതാക്കളും മാപ്പു നല്‍കിയിട്ടില്ല എന്നാണ് വിലയിരുത്തല്‍. യു.പി.എ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കു തന്നെ കളങ്കമേല്‍പ്പിച്ച നീക്കമായിരുന്നു അത്. 2014ല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ സര്‍ക്കാരിനെ താഴെയിറക്കിയതും അന്ന് വെളിവായ അഴിമതിക്കഥകള്‍ തന്നെയായിരുന്നു.

 

Also Read: മോദിക്കെതിരെ കര്‍ഷകര്‍ വീണ്ടും സമരമുഖത്ത്; നാളെ രാജ്യവ്യാപക ജയില്‍ നിറയ്ക്കല്‍ സമരത്തിനാരംഭം കുറിയ്ക്കും

 

ഗാന്ധി കുടുംബം നടത്തുന്ന വിരുന്നുകള്‍ക്കും പ്രതിപക്ഷം നേതൃത്വം നല്‍കുന്ന തന്ത്രപ്രധാന ചടങ്ങുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊന്നും ആം ആദ്മി പാര്‍ട്ടിയ്ക്ക് ക്ഷണമില്ലാത്തതും ഈ രാഷ്ട്രീയ വൈരത്തിന്റെ പുറത്താണെന്നും ആരോപണങ്ങളുയരുന്നുണ്ട്.

സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യം ചേരലുകള്‍ക്ക് കോണ്‍ഗ്രസ് ശ്രമിച്ചപ്പോഴൊക്കെയും കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങള്‍ അത് ശക്തിയുക്തം എതിര്‍ത്തിട്ടുമുണ്ട്.