Advertisement
Kerala News
റാഗിങ് നടന്നാല്‍ വിദ്യാര്‍ത്ഥികളെ 24 മണിക്കൂറിനകം ഹോസ്റ്റലില്‍ നിന്ന് പുറത്താക്കും: വീണ ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 04, 03:06 pm
Tuesday, 4th March 2025, 8:36 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ റാഗിങ് നടന്നാല്‍ ആരോപണവിധേയരായ വിദ്യാര്‍ത്ഥികളെ 24 മണിക്കൂറിനുള്ളില്‍ ഹോസ്റ്റലുകളില്‍ നിന്ന് പുറത്താക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം പൊലീസില്‍ അറിയിക്കുമെന്നും കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി ഹോസ്റ്റലില്‍ അവര്‍ക്ക് പ്രത്യേക ബ്ലോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്നും പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തി നല്‍കിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സുരക്ഷയുടെ ഭാഗമായി ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളില്‍ ഏഴുമണിക്ക് മുമ്പായി പ്രവേശിക്കണമെന്ന് നിര്‍ദേശമുണ്ടെന്നും ഹോസ്റ്റല്‍, കാന്റീന്‍, ലൈബ്രറി തുടങ്ങിയ സ്ഥലങ്ങളില്‍ റാഗിങ് അവബോധം ഉണ്ടാക്കുന്നതിന് പോസ്റ്ററുകളും പരാതി നല്‍കുന്നതിനുള്ള ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ കോഴ്സുകളുടേയും പ്രോസ്പെക്ടസില്‍ റാഗിങ് സംബന്ധിച്ച് വ്യക്തമായി നിര്‍ദേശം നല്‍കുകയും അഡ്മിഷന്‍ എടുക്കുന്ന എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും അവരുടെ രക്ഷിതാക്കളില്‍ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങാറുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ഇതിന് പുറമെ എല്ലാ കോളജുകളിലും പൊലീസ് സ്റ്റേഷനിലും ആന്റി റാഗിങ് കമ്മിറ്റിയും ആന്റി റാഗിങ് സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് മുമ്പായി ഹോസ്റ്റലിലെ സി.സി.ടി.വി പരിശോധിക്കാറുണ്ടെന്നും മന്ത്രി പറയുകയുണ്ടായി. ഇവരെ സീനിയര്‍ വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കുകയോ ശല്യം ചെയ്യുകയോ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlight: If ragging occurs, students will be expelled from the hostel within 24 hours says Veena George