ന്യൂദല്‍ഹി: ആളുകള്‍ക്ക് മുസ്‌ലിം ഭീകരവാദമുണ്ടെന്ന് പറയാമെങ്കില്‍ ഹിന്ദു ഭീകരവാദവും ഉണ്ടെന്ന് പറയാന്‍ കഴിയുമെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍.
അക്രമവും കുറ്റകൃത്യവും ഭീകരവാദവുമെല്ലാം എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംങ്ങളും ബുദ്ധമത വിശ്വാസികളും ജൂതരുമെല്ലാം ഈ പാപങ്ങള്‍ ചെയ്തതാണെന്നും സ്വര ഭാസ്‌ക്കര്‍ പറഞ്ഞു.
പ്രജ്ഞാ സിങ് താനൊരു ഹിന്ദുവാണെന്ന് പറയുകയും ഭീകരവാദാരോപണം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അവരൊരു ഹിന്ദു ഭീകരവാദക്കേസ് ആരോപിതയാണെന്ന് പറയേണ്ടി വരുമെന്നും സ്വര ഭാസ്‌ക്കാര്‍ പറഞ്ഞു. ഭോപാലിലെ സ്ഥാനാര്‍ത്ഥിയായി പ്രജ്ഞാ സിങ്ങിനെ ബി.ജെ.പി നിര്‍ത്തിയത് നാണക്കേടാണെന്നും മണ്ഡലത്തിലെ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി ദിഗ് വിജയ സിങ്ങാണെന്നും സ്വര പറഞ്ഞു.
നേരത്തെ കനയ്യ കുമാറിന് വേണ്ടി സ്വരഭാസ്‌ക്കര്‍ ബെഗുസാരായിയില്‍ പ്രചരണത്തിനിറങ്ങിയിരുന്നു.
‘എല്ലാ ഇന്ത്യക്കാര്‍ക്കും ആശങ്കയുള്ള വിഷയങ്ങളാണു കനയ്യ ഉയര്‍ത്തുന്നത്. പ്രശ്നങ്ങളെന്നു പറഞ്ഞാല്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ഇന്ത്യന്‍ ഭരണഘടനയ്ക്കും ഭീഷണിയായവ, തൊഴിലില്ലായ്മ, ആള്‍ക്കൂട്ട അതിക്രമങ്ങളുടെ വര്‍ധന, സാമൂഹികനീതിയുടെ ആവശ്യകത, പിന്നെ എല്ലാ ഇന്ത്യക്കാരുടെയും ജീവിതങ്ങള്‍ മെച്ചപ്പെടുത്താനാവശ്യമായ വിഷയങ്ങളില്‍ ശ്രദ്ധ നല്‍കുക. ഉത്തരവാദിത്വപ്പെട്ട ദേശസ്നേഹികളായ ഇന്ത്യക്കാര്‍ ഈ ആശയവുമായി, ചിന്തയുമായി ബന്ധപ്പെട്ടു നില്‍ക്കണം’ സ്വര ഭാസ്‌ക്കര്‍ പറഞ്ഞിരുന്നു.