കൊച്ചി: ജനപ്രതിനിധികള്‍ കൂറുമാറുന്നത് ജനങ്ങളോടുള്ള അധിക്ഷേപമാണെന്ന് ഹൈക്കോടതി. തെരഞ്ഞെടുക്കപ്പെട്ട ശേഷം രാഷ്ട്രീയം മാറിയാല്‍ രാജിവെക്കുന്നതാണ് ജനാധിപത്യപരമായ മര്യാദയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് പരാമര്‍ശം. കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസ പ്രമേയത്തെ തുടര്‍ന്നുള്ള സംഭവങ്ങളെ പരാമര്‍ശിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ വിജയ ശിവനെ ആക്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
ജനാധിപത്യം നിരത്തിലെ ഗുണ്ടായിസത്തിലേക്കും തര്‍ക്കത്തിലേക്കും പോകുന്നുണ്ടെന്നും കൂറുമാറുന്നവര്‍ക്ക് ജനം അടുത്ത തെരഞ്ഞെടുപ്പില്‍ ബാലറ്റിലൂടെ മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.
കൂത്താട്ടുകുളത്തെ കൗണ്‍സിലര്‍ കലാ രാജുവിന്റെ പെട്ടന്നുള്ള കൂറുമാറ്റം പ്രവര്‍ത്തകരില്‍ അലോസരമുണ്ടാക്കിയെന്നും ഇതാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍ക്ക് കാരണമായതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ജനഹിതത്തിന് വിരുദ്ധമായി പെരുമാറുന്നവരെ കായികമായി നേരിടുന്നത് ശരിയല്ലെന്നും ഉത്തരവില്‍ പറയുന്നു.
യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് സി.പി.ഐ.എമ്മിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച കലാ രാജുവിന്റെ നിലപാടിലാണ് കോടതിയുടെ പരാമര്‍ശം.
കൗണ്‍സിലര്‍ വിജയ ശിവനെ ആക്രമിച്ച കേസില്‍ പ്രതികളായ കെ.ആര്‍ ജയകുമാര്‍, പി.സി ജോസ്, പ്രിന്‍സ് പോള്‍ ജോണ്‍, റെജി ജോണ്‍, ബോബന് വര്‍ഗീസ് എന്നിവര്‍ക്ക് കര്‍ശന ഉപാധികളോടെ മൂന്‍കൂര്‍ ജാമ്യവും കോടതി അനുവദിച്ചു.
Content Highlight: If people’s representatives defect, resignation is democratic etiquette: High Court