| Wednesday, 15th January 2014, 4:42 pm

പഞ്ചായത്തുകള്‍ എതിര്‍ത്താല്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതിയില്ല: മൊയ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പഞ്ചായത്തുകള്‍ എതിര്‍ത്താല്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി.

ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയായ വേദാന്തയ്ക്ക് ഒഡിഷയിലെ നിയാംഗിരി കുന്നുകളില്‍ ബോകൈ്‌സറ്റ് ഖനനത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മൊയ്‌ലിയുടെ ഈ പ്രസ്താവന.

വേദാന്തയുടെ പദ്ധതി എല്ലാ പഞ്ചായത്തുകളും തള്ളിയതിനാല്‍ സര്‍ക്കാറിന് അതുമായി മുന്നോട്ടുപോകാനാവില്ലെന്നും പഞ്ചായത്തുകള്‍ തള്ളിയ പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് സര്‍ക്കാര്‍ നിയമം തന്നെയുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഒഡിഷയില്‍ ദോംഗ്രിയ കോന്ഥുകള്‍ കൂടുതലുള്ള റായ്ഗഢ്, കളഹണ്ടി ജില്ലകളിലെ ഗ്രാമസഭകളുടെ തീരുമാനംവരുംവരെ പദ്ധതി നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. മൂന്നുമാസത്തിനകം തീരുമാനം അറിയിക്കണമെന്നായിരുന്നു ഗ്രാമസഭകള്‍ക്ക് കോടതി നല്‍കിയ നിര്‍ദേശം.

ദോംഗ്രിയ കോന്ഥ് ഗോത്രത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന പ്രദേശമാണ് നിയാംഗിരി കുന്നുകള്‍. ഇവരുടെ 12 ഗ്രാമസഭകളും വേദാന്തയുടെ പരിസ്ഥിതിക്കും തങ്ങളുടെ നിലനില്പിനും ദോഷം ചെയ്യുന്ന പദ്ധതിയെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് മൊയ്‌ലി കഴിഞ്ഞയാഴ്ച വേദാന്തയുടെ പദ്ധതി നിര്‍ദേശം തള്ളി.

We use cookies to give you the best possible experience. Learn more