ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ഒരു ന്യൂക്ലിയര്‍ ബോംബ് പ്രയോഗിച്ചാല്‍ 20 ബോംബ് തിരിച്ച് പ്രയോഗിച്ച് ഇന്ത്യ പാക്കിസ്ഥാനെ അവസാനിപ്പിച്ചിരിക്കുമെന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്.
“” ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധം വീണ്ടും അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഇതുവരെ ആണവ ആക്രമണങ്ങളൊന്നും ഇരുരാജ്യങ്ങള്‍ക്കിടയിലും നടന്നിട്ടില്ല. ഇന്ത്യക്കെതിരെ നമ്മള്‍ ഒരു അണുബോംബ് ഇട്ടാല്‍ 20 ബോംബ് തിരിച്ചിട്ട് അവര്‍ നമ്മളെ അവസാനിപ്പിക്കും. അതുകൊണ്ട് തന്നെ ഇനിയുള്ള ഒരു മാര്‍ഗം എന്ന് പറയുന്നത് 50 ആറ്റം ബോംബ് നമ്മള്‍ ആദ്യം ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ 20 ബോംബ് അവര്‍ക്ക് പ്രയോഗിക്കാന്‍ കഴിയാതെ വരും. 50 ബോംബിട്ട് ഇന്ത്യയെ ആക്രമിക്കാന്‍ നിങ്ങള്‍ തയ്യാറുണ്ടോ ? പര്‍വേസ് മുഷറഫ് ചോദിച്ചു. യു.എ.ഇയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കശ്മീരില്‍ ഇന്ത്യ ഒരു ആക്രമണം തുടങ്ങിയാല്‍ പാക്കിസ്താന്‍ സിന്‍ധിലും പഞ്ചാബിലും ആക്രമണം നടത്തി ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്നും മുഷറഫ് പറഞ്ഞു.
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മുഷറഫിന്റെ പ്രസ്താവന വരുന്നത്.
അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഒരു അവസരം കൂടി നല്‍കണം; മോദിയോട് ഇമ്രാന്‍ ഖാന്‍
പാക്കിസ്ഥാനുമായുള്ള ബന്ധം ഇസ്രയേല്‍ ശക്തമാക്കണമെന്നും മുഷറഫ് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമായി വരികയാണെങ്കില്‍ തീര്‍ച്ചയായും പാക്കിസ്ഥാനിലേക്ക് മടങ്ങുമെന്ന് യു.എ.ഇയില്‍ കഴിയുന്ന മുഷറഫ് പറഞ്ഞു. ഓള്‍ പാക്കിസ്ഥാന്‍ മുസ്‌ലീം ലീഗ് തലവന്‍ കൂടിയാണ് മുഷറഫ്.
എന്റെ അഭിപ്രായത്തില്‍ പാക്കിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ അനുകൂലമാണെന്നാണ്. പകുതി മന്ത്രിമാരും എനിക്കൊപ്പമാണ്. നിയമ മന്ത്രിയും അറ്റോര്‍ണി ജനറലും തനിക്കൊപ്പമാണെന്നും മുഷറഫ് അവകാശപ്പെട്ടു.