| Sunday, 24th July 2022, 8:53 pm

നഗ്നഫോട്ടോഷൂട്ട് പ്രശ്‌നമില്ലാത്ത രാജ്യത്ത് എന്താണ് ഹിജാബിന് ഇത്ര പ്രശ്‌നം: സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒരു നടന്‍ തന്റെ നഗ്ന ഫോട്ടോഷൂട്ട് പങ്കുവെച്ചാല്‍ അത് ആവിഷ്‌കാരസ്വാതന്ത്ര്യമെന്നും ഹിജാബ് ധരിക്കുന്നത് തെറ്റാണെന്നും പറയുന്നതിലെ വൈരുദ്ധ്യത്തെ ചോദ്യം ചെയ്ത് സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അബു ആസ്മി. സമൂഹമാധ്യമങ്ങളില്‍ വൈറലായ നടന്‍ രണ്‍വീര്‍ സിങ്ങിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് എം.എല്‍.എ അബു ആസ്മിയുടെ പ്രതികരണം.

ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരിലാണ് ബോളിവുഡ് നടനായ രണ്‍വീര്‍ സിങ് പങ്കുവെച്ച ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് രാജ്യത്ത് സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരം ധരിക്കുന്ന ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഒരു നടനോ വ്യക്തിയോ തന്റെ നഗ്നഫോട്ടോഷൂട്ടുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് പേരിട്ട് വിളിക്കാമെങ്കില്‍ എന്തിനാണ് സ്വന്തം ഇഷ്ട പ്രകാരം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുന്നത്? അതും അവരുടെ സ്വാതന്ത്ര്യമല്ലേ,’ അബു ആസ്മി പറഞ്ഞു.

രാജ്യത്ത് നഗ്ന ഫോട്ടോഷൂട്ട് നേടാന്‍ അഭിനേതാക്കള്‍ക്ക് അനുവാദമുണ്ടെന്നും, പിന്നെ എന്തിനാണ് ശരീരം മുഴുവന്‍ മറയ്ക്കുന്ന ഹിജാബിനോട് എതിര്‍പ്പെന്നും അബു ആസ്മി ചോദിച്ചു. ഹിജാബ് സ്ത്രീകളുടെ മതപരമായ അവകാശമാണ്. ഒരുകാലത്ത് ഈ രാജ്യത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതില്ല. രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിങ്ങള്‍ വ്യക്തി സ്വാതന്ത്ര്യം പോലുമില്ലാതെയാണ് ഇന്ന് രാജ്യത്ത് ജീവിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഹിജാബിനുള്ളില്‍ മുസ്‌ലിം സ്ത്രീകളും കുട്ടികളും ഒക്കെ എന്തെങ്കിലും തട്ടിക്കൊണ്ടുപോകുമോ എന്ന് ഭയപ്പെട്ടാണ് നടപടിയെങ്കില്‍ നിങ്ങള്‍ക്ക് അവരെ പരിശോധിക്കാം. അവരുടെ അതേ പോലെയുള്ള സ്ത്രീകളെ കൊണ്ട്, പരിശോധനയ്ക്ക് ശരിയായ ഇടങ്ങളില്‍ വെച്ച്. അതിന് നിങ്ങളെയാരും തടയുന്നില്ല. നിരോധനം എന്തിനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പേപ്പര്‍ മാഗസിന് വേണ്ടിയാണ് രണ്‍വീര്‍ സിങ് ഫോട്ടോഷൂട്ട നടത്തിയത്. താരം തന്നെയായിരുന്നു ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതും. വേറിട്ട ലുക്കും കോസ്റ്റിയൂമും പരീക്ഷിക്കാറുള്ള രണ്‍വീര്‍ സിങ്ങിന്റെ ഫോട്ടോഷൂട്ടിന് ആരാധകരും ഏറെയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

1972ല്‍ കോസ്മോപൊളിറ്റന്‍ മാസികയ്ക്കായി ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ ഐക്കോണിക് ഫോട്ടോഷൂട്ടിനുള്ള ആദരാഞ്ജലിയാണ് പേപ്പര്‍ മാസികയ്ക്ക് വേണ്ടിയുള്ള രണ്‍വീറിന്റെ ഫോട്ടോഷൂട്ട്. ‘ദി ലാസ്റ്റ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് പേപ്പര്‍ മാഗസിന്‍ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlight: if nudity is okay why is hb=jab being a problem in india asks samajwadi party mla

We use cookies to give you the best possible experience. Learn more