| Friday, 19th August 2016, 7:42 pm

പെല്ലറ്റ് തോക്കിന് അനുമതിയില്ലെങ്കില്‍ ബുള്ളറ്റ് തോക്ക് ഉപയോഗിക്കേണ്ടി വരുമെന്ന് സി.ആര്‍.പി.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകള്‍ നിരോധിക്കുന്നതിനെതിരെ സി.ആര്‍.പി.എഫ്. പെല്ലറ്റ് തോക്കുകള്‍ നിരോധിക്കുകയാണെങ്കില്‍ അടിയന്തരഘട്ടങ്ങളില്‍ ബുള്ളറ്റ് തോക്കുകള്‍ ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകും.

ഇത് കൂടുതല്‍ വിനാശകരമാകുമെന്നും സി.ആര്‍.പി.എഫ് ജമ്മു-കാശ്മീര്‍ ഹൈക്കോടതിയെ അറിയിച്ചു.

പെല്ലറ്റ് തോക്ക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു-കാശ്മീര്‍ ബാര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിക്കുള്ള മറുപടിയിലാണ് സി.ആര്‍.പി.എഫ് നിലപാട് വ്യക്തമാക്കിയത്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കനത്ത പ്രക്ഷോഭത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ സേന പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴിതെളിച്ചിരുന്നു.

65 പേര്‍ക്കു ജീവന്‍ നഷ്ടമാവുകയും നിരവധിപേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്നാണ് പെല്ലറ്റ് തോക്കുകള്‍ നിരോധിക്കണമെന്ന ആവശ്യം വ്യാപകമായത്.

കലാപങ്ങള്‍ നിയന്ത്രിക്കുന്നതിന് 2010 മുതല്‍ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നുണ്ടെന്ന് സി.ആര്‍.പി.എഫ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അരയ്ക്കുതാഴെ വെടിവയ്ക്കാം എന്നാണു നിയമം. പക്ഷേ, നിരന്തരം ചലിക്കുകയും സ്ഥാനം മാറുകയും ചെയ്യുന്ന ലക്ഷ്യത്തിനു നേരെ ഇത്തരത്തില്‍ വെടിയുതിര്‍ക്കുന്നത് പ്രായോഗികമല്ല. ചിലസമയം അതു കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും സി.ആര്‍.പി.എഫ് വ്യക്തമാക്കുന്നു.

സംഘര്‍ഷം തുടരുന്ന കാശ്മീരില്‍ ജൂലൈ ഒന്‍പത് മുതല്‍ ഓഗസ്റ്റ് 11 വരെ ഏകദേശം 3500 പെല്ലറ്റ് കാര്‍ട്രിഡ്ജാണ് പ്രതിഷേധക്കാര്‍ക്കെതിരെ ഉപയോഗിച്ചതെന്ന് സി.ആര്‍.പി.എഫ് അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കേസ് ശനിയാഴ്ച വീണ്ടും പരിഗണിക്കും.

We use cookies to give you the best possible experience. Learn more