ന്യൂദല്‍ഹി: പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം ബി.ജെ.പിക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിത്തരുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ സുബ്രമണ്യന്‍ സ്വാമി. ബാലാക്കോട്ട് ആക്രമണത്തിന് ശേഷം ബി.ജെ.പിയുടെ റേറ്റിങ് വര്‍ധിച്ചെന്നും, 160 സീറ്റുകള്‍ മാത്രം ലഭിക്കുമായിരുന്ന തങ്ങള്‍ക്ക് ഇതിന് ശേഷം ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും സ്വാമി ഹഫിങ്ടണ്‍ പോസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ തൊഴിലില്ലായ്മയും, കേന്ദ്രത്തിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളും ഒന്നും തന്നെ ചര്‍ച്ചയാവില്ലെന്ന് സ്വാമി പറയുന്നു. ‘നമ്മള്‍ പാകിസ്ഥാനെതിരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഞങ്ങളുടെ റേറ്റിങ് കുത്തനെ വര്‍ധിച്ചു. അല്ലെങ്കില്‍ 160 സീറ്റുകളിലൊതുങ്ങുമായിരുന്നു ഞങ്ങള്‍. പാകിസ്ഥാനെതിരെ ശക്തമായ നയം സ്വീകരിച്ചതു കൊണ്ടാണിത്. പിന്നീട് കശ്മീര്‍ സര്‍ക്കാറിനെ പിരിച്ചു വിട്ടതും, ശ്രീലങ്കയിലെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്, ഇതൊക്കെയാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവാന്‍ പോവുന്നത്’- സ്വാമി പറയുന്നു.
ബംഗാളില്‍ ബി.ജെ.പി അടിത്തറ പാകിയത് എങ്ങനെയെന്ന ചോദ്യത്തിന്,’ഹിന്ദുത്വ, അതു മാത്രം’ എന്നായിരുന്നു സുബ്രമണ്യന്‍ സ്വാമിയുടെ മറുപടി. തെരഞ്ഞെടുപ്പിന് ശേഷം മായാവതി എന്‍.ഡി.എയിലേക്ക് വരുമെന്നും, എന്നാല്‍ അവര്‍ അതിന് എന്ത് ഉപാധികളാണ് മുന്നോട്ട് വെക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും സ്വാമി പറഞ്ഞു.
മായാവതി പ്രധാനമന്ത്രിയാവാന്‍ യോഗ്യയാണെന്നും, എന്നാല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാവാന്‍ അവര്‍ ബ്രാഹ്മണരെ പ്രീണിപ്പിച്ചതു പോലെ, പ്രധാനമന്ത്രിയാവാനും മായാവതി അത്തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്നും സ്വാമി പറഞ്ഞു.
ഇന്ത്യന്‍ സമ്പദ്ഘടന തകരാന്‍ കാരണം ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ പിടിപ്പുകേട് മാത്രമാണെന്നും സ്വാമി കുറ്റപ്പെടുത്തി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ തനിക്ക് രാജ്യത്തിന്റെ ധനകാര്യ മന്ത്രിയാവാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.