| Monday, 2nd March 2020, 8:57 am

ന്യൂനപക്ഷങ്ങളെ പൗരത്വ ഭേദഗതി നിയമം ബാധിക്കില്ലെന്നു പറയുന്നവര്‍ അത് ആരെയാണ് ബാധിക്കുക എന്ന് രാജ്യത്തോട് പറയണം: പി.ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പൗരത്വ ഭേദഗതി നിയമം ആരെയും ബാധിക്കില്ലെങ്കില്‍ പിന്നെ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ അത്തരമൊരു നിയമം പാസാക്കിയതെന്നും ന്യൂനപക്ഷങ്ങളെ സി.എ.എ ബാധിക്കില്ലെന്നു പറയുന്ന സര്‍ക്കാര്‍ പിന്നെ ആരെയാണത് ബാധിക്കുക എന്നതുകൂടി പറയണമെന്നും ചിദംബരം ആവശ്യപ്പെട്ടു.

” ആഭ്യന്തര മന്ത്രി പറയുന്നു ന്യൂനപക്ഷ മതത്തില്‍ പെട്ട ആരെയും സി.എ.എ ബാധിക്കില്ലെന്ന്. അത് ശരിയാണെങ്കില്‍ അദ്ദേഹം രാജ്യത്തോട് പറയണം ആരെയാണ് സി.എ.എ ബാധിക്കുകയെന്ന്. ആരെയും ബാധിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഇപ്പോള്‍ അങ്ങനൊരു നിയമം പാസാക്കിയത്?,” ചിദംബരം ചോദിച്ചു.

എന്തുകൊണ്ടാണ് സി.എ.എ യില്‍ പ്രതിപാദിച്ചിരിക്കുന്ന ന്യൂനപക്ഷക്കാരുടെ പട്ടികയില്‍ നിന്ന് മുസ് ലിങ്ങളെ ഒഴിവാക്കിയതെന്നും അദ്ദേഹം ചോദിച്ചു.

” എല്ലാ ന്യൂനപക്ഷക്കാര്‍ക്കും പ്രയോജനമാകുന്നതാണ് സി.എ.എ എങ്കില്‍ എന്തിനാണ് മുസ് ലിങ്ങളെ ഒഴിവാക്കിയത്,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

രാജ്യത്ത് കോണ്‍ഗ്രസ് ഉള്ള കാലത്തോളം പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും
പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയും ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കുകയും ചെയ്യണമെന്നും ചിദംബരം നേരത്തെ പറഞ്ഞിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more