പട്‌ന: സംസ്ഥാനത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് മുന്നറിയിപ്പ് നല്‍കി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നിതീഷ് കത്തയച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് നിതീഷിന്റെ ഇടപെടല്‍.
‘ കേന്ദ്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന് അറിയാം. ഞങ്ങളുടെ ആവശ്യം അവരെ അറിയിച്ചു കഴിഞ്ഞു. ഇതൊരു രാഷ്ട്രീയ തീരുമാനമല്ല,’ നിതീഷ് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ സംസ്ഥാനം എന്ത് നിലപാട് സ്വീകരിക്കും എന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ടുപോകുമെന്നാണ് നിതീഷ് പറഞ്ഞത്.
ജാതി സെന്‍സസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാന്‍ നിതീഷ് കുമാര്‍ അനുമതി തേടിയെങ്കിലും കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
നേരത്തെ ജെ.ഡി.യു എം.പിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചക്ക് അനുമതി തേടിയപ്പോഴും കേന്ദ്രം അനുവദിച്ചിരുന്നില്ല. ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു എം.പിമാര്‍ക്ക് നല്‍കിയ നിര്‍ദേശം.
ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇങ്ങനെയൊരു സെന്‍സസ് നടത്തേണ്ടതിന്റെ ആവശ്യകത കേന്ദ്രത്തെ ബോധിപ്പിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു.
ജാതി തിരിച്ചുള്ള സെന്‍സസ് ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കുമെന്ന വാദം അടിസ്ഥാനരഹിതമാണെന്നും ഇത് കൂടുതല്‍ ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിന് സഹായിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.