കള്ളപ്പണം തടയാൻ സാധിച്ചില്ലെങ്കിൽ നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നേട്ടമെന്ത്; വിമർശനവുമായി കോൺഗ്രസ്
national news
കള്ളപ്പണം തടയാൻ സാധിച്ചില്ലെങ്കിൽ നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നേട്ടമെന്ത്; വിമർശനവുമായി കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th August 2024, 6:51 pm

ന്യൂദൽഹി: രാജ്യത്ത് കള്ളനോട്ട് വീണ്ടും വ്യാപകമായെന്ന വിമർശനവുമായി കോൺഗ്രസ്. രാജ്യത്ത് കള്ളനോട്ട് നിർമാണം കുറഞ്ഞു എന്ന സർക്കാരിന്റെ വാദം ജനങ്ങളുടെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും കോൺഗ്രസ് പറഞ്ഞു. ഒപ്പം ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ കള്ളനോട്ടാണ് ഇപ്പോൾ കൂടുതൽ പുറത്തിറങ്ങുന്നതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു.

കള്ളപ്പണമോ കള്ളനോട്ടോ തടയാനായില്ലെങ്കിൽ 2016ലെ നോട്ട് നിരോധനം കൊണ്ട് എന്ത് ഗുണമാണ് ഉണ്ടായതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു.

‘രാജ്യത്തെ നോൺ ബയോളജിക്കൽ പ്രധാനമന്ത്രി നോട്ട് നിരോധിച്ച് സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിച്ച് എട്ട് വർഷമായിരിക്കുകയാണ്. എന്നാൽ കള്ളനോട്ട് വീണ്ടും വ്യാപകമാവുകയാണ് ചെയ്തത്. കള്ളനോട്ടുകളുടെ എണ്ണം 2018ന് ഇടയിൽ നാലിരട്ടിയായി വർധിച്ചു. 2019, 2023-24 2020-21 മുതൽ വ്യാജ 2000 രൂപ നോട്ടുകളുടെ എണ്ണവും മൂന്നിരട്ടിയായി വർധിച്ചു. വ്യാജനോട്ട് കുറഞ്ഞെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അത് വെറും കണ്ണ് അടച്ച് ഇരുട്ടാക്കൽ മാത്രമാണ്. ഇതുവരെയും കണ്ടെടുത്ത കള്ളനോട്ടുകളുടെ എണ്ണം കുറഞ്ഞെന്ന് അവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ അത് വലിയ കള്ളത്തരമാണ്,’ അദ്ദേഹം പറഞ്ഞു.

കള്ളപ്പണമോ കള്ളനോട്ടോ തടയാൻ കഴിഞ്ഞില്ലെങ്കിൽ നോട്ട് നിരോധനം കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്നും രമേശ് ചോദിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ കള്ളപ്പണവും കള്ളനോട്ടും വ്യാപിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാദവുമായി എൻ.ഡി.എ സർക്കാർ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാങ്കിങ് സംവിധാനത്തിൽ കണ്ടെത്തുന്ന മൂല്യം തിരിച്ചുള്ള കള്ളനോട്ടുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി രാജ്യസഭയിൽ പറഞ്ഞിരുന്നു. രാജ്യസഭയിലെ ഈ ചോദ്യോത്തരത്തിൻ്റെ സ്ക്രീൻഷോട്ട് ജയറാം രമേശ് പോസ്റ്റ് ചെയ്യുകയും ചെയ്തു. 2018-19 വർഷത്തിൽ രാജ്യത്ത് 3,17,384 കള്ളനോട്ടുകൾ ഉണ്ടായിരുന്നെന്നും 2023-24 വർഷത്തിൽ അത് 2,22,639 ആയി കുറഞ്ഞെന്നുമാണ് അദ്ദേഹം പറഞ്ഞത്.

2016 നവംബർ എട്ടിന് ഇന്ത്യൻ സർക്കാർ 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിക്കുകയായിരുന്നു.

അഴിമതി, കരിഞ്ചന്ത, മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിനായി കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ഈ തീരുമാനം എടുക്കുകയായിരുന്നു.

 

Content Highlight: If neither black money nor counterfeiting were curbed, what did demonetisation achieve: Congress