തിരുവനന്തപുരം: ആവശ്യമെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുമെന്ന് കെ.സുധാകരന്‍. പാര്‍ട്ടിക്ക് ഹാനീകരമാകുന്ന ഒന്നിനും താന്‍ തയ്യാറല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ നിരപരാധിയാണെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അന്വേഷണം നടക്കുന്നുണ്ട്. അതിനെ നേരിടും. കോടതിയിലെനിക്ക് വിശ്വാസമുണ്ട്. ഞാന്‍ നിരപരാധിയാണെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. എനിക്ക് ഈ കേസിനെ ഫേസ് ചെയ്യാന്‍ മടിയുമില്ല, ആശങ്കയുമില്ല.
ആവശ്യമെങ്കില്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും. പാര്‍ട്ടിക്ക് ഹാനികരമാകുന്ന ഒന്നിനും ഞാന്‍ തയ്യാറല്ല,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മോന്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടില്‍ സുധാകരനെ അറസ്റ്റ് ചെയ്തിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
വെള്ളിയാഴ്ച രാവിലെ 11 മണി മുതലായിരുന്നു ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ കൃത്യമായ പല ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിടുകയായിരുന്നു. ഈ പണമിടപാടുമായി ബന്ധപ്പെട്ട് സുധാകരനെതിരെ നിരവധി തെളിവുകള്‍ നേരത്തെ തന്നെയുണ്ടെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു.
പരാതിക്കാരെയും ഓണ്‍ലൈനായി എത്തിച്ച് അവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
കേസിലെ പരാതിക്കാര്‍ നല്‍കിയ പത്ത് ലക്ഷം രൂപ കെ. സുധാകരന്റെ കൈവശം എത്തിയിട്ടുണ്ട് എന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പത്ത് ലക്ഷം രൂപ മോന്‍സണ്‍ സുധാകരന് നല്‍കിയതിനുള്ള തെളിവുണ്ട് എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
25 ലക്ഷം രൂപ പരാതിക്കാരന്‍ മോന്‍സണ് വീട്ടിലെത്തി കൈമാറുമ്പോള്‍ സുധാകരന്‍ അവിടെ ഉണ്ടായിരുന്നു എന്ന് പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു.
content highlights: If necessary, will step down as president IN KPCC: K Sudhakaran