| Friday, 24th December 2021, 4:00 pm

എന്നാലെ... കണക്കായിപ്പോയി; താന്‍ പറഞ്ഞത് അശ്വിനെ വേദനിപ്പിച്ചതില്‍ സന്തോഷമുണ്ടെന്ന് രവി ശാസ്ത്രി

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: കുല്‍ദീപ് യാദവിനെ പ്രശംസിച്ച് കൊണ്ടുള്ള പരാമര്‍ശം അശ്വിനെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂവെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘എല്ലാവരേയും സുഖിപ്പിക്കുക എന്നതല്ല എന്റെ ജോലി. യാതൊരു വിധ അജണ്ടകളുമില്ലാതെ വസ്തുതകള്‍ പറയുക എന്നതാണ്,’ രവി ശാസ്ത്രി പറഞ്ഞു.

കുല്‍ദീപിനെക്കുറിച്ചുള്ള തന്റെ പ്രസ്താവന അശ്വിനെ വേദനിപ്പിച്ചെങ്കില്‍ തനിക്ക് സന്തോഷമുണ്ടെന്നും അത് അദ്ദേഹത്തെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിന് പ്രേരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അശ്വിന്‍ സിഡ്‌നിയില്‍ കളിച്ചിരുന്നില്ല. കുല്‍ദീപാണെങ്കില്‍ മികച്ച പ്രകടനം നടത്തി. അത് അശ്വിനെ വേദനിപ്പിച്ചെങ്കില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളെ പരിശീലകന്‍ വെല്ലുവിളിച്ചാല്‍ എന്താണ് ചെയ്യുക? വീട്ടില്‍ പോയിരുന്ന് കരഞ്ഞ് ഇനി ഞാന്‍ തിരിച്ചുവരില്ലെന്ന് പറയുമോ?,’ ശാസ്ത്രി ചോദിച്ചു.

ഒരു കളിക്കാരനെന്ന നിലയില്‍ താന്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ഒരു കളിക്കാരനെ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് വ്യക്തിപരമായ താല്‍പര്യങ്ങളില്ലെന്നും ടീമിന്റെ ഗുണമാണ് പരിഗണിക്കുകയെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

2018ല്‍ സിഡ്‌നി ടെസ്റ്റില്‍ 5 വിക്കറ്റ് നേടിയ ചൈനമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ശാസ്ത്രി വിശേഷിപ്പിച്ചത് ‘വിദേശത്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍’ എന്നായിരുന്നു. ഫിറ്റ്‌നസ് പ്രശ്‌നങ്ങളും പരിക്കും കൊണ്ട് വലഞ്ഞിരുന്ന തനിക്ക് അത് ഏറെ വിഷമമുണ്ടാക്കിയെന്ന് അശ്വിന്‍ പറഞ്ഞിരുന്നു.

എല്ലാവര്‍ക്കും ഒരു സമയമുണ്ടെന്നും അശ്വിന്‍ ഫിറ്റ്‌നസ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കുല്‍ദീപ് യാദവാണ് വിദേശ പര്യടനത്തിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നര്‍ എന്നായിരുന്നു രവി ശാസ്ത്രി പറഞ്ഞത്.

‘ഞാന്‍ വളരെയധികം ബഹുമാനം നല്‍കിയിരുന്ന രവി ഭായിയുടെ ഈ വാക്കുകള്‍ വളരെ വേദനയുണ്ടാക്കി. സഹതാരത്തിന്റെ നേട്ടത്തെ അംഗീകരിക്കുകയും അവനെ അഭിനന്ദിക്കുകയും ചെയ്യേണ്ടതാണ്.

കുല്‍ദീപിന്റെ നേട്ടത്തില്‍ ഞാനും സന്തോഷിച്ചിരുന്നു. കാരണം ഓസ്‌ട്രേലിയയില്‍ അഞ്ച് വിക്കറ്റ് പ്രകടനമെന്നത് വളരെ വലിയ നേട്ടമാണ്. എനിക്കിതുവരെ അത് നേടാനായിട്ടില്ല. ടീമിനുള്ളില്‍ നിന്നും എനിക്ക് ഒരു പിന്തുണയും ലഭിക്കാത്തതാണ് എന്നെ വേദനിപ്പിച്ചത് ‘ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

അശ്വിന്റെ കരിയറിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു 2018. നിരന്തരമായ പരിക്കുകള്‍ താരത്തെ അക്കാലയളവില്‍ ഏറെ അലട്ടിയിരുന്നു.

പല കാരണങ്ങളും കൊണ്ട് ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ വരെ ആലോചിച്ചിരുന്നതായും താരം പറയുന്നു. തന്റെ പരിക്കുകളെ പോലും ആരും കണക്കിലെടുക്കുന്നില്ലെന്നും, മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന പിന്തുണ തനിക്ക് ലഭിക്കുന്നില്ല എന്ന് തോന്നിയിരുന്നുവെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യക്കായി 81 ടെസ്റ്റുകളില്‍ നിന്നും 427 വിക്കറ്റുകള്‍ ഈ വലം കയ്യന്‍ സ്പിന്നര്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വേടിയവരുടെ ലിസ്റ്റില്‍ അനില്‍ കുബ്ലെയ്ക്കും കപില്‍ ദേവിനും പിറകില്‍ മൂന്നാമതാണ് അശ്വിന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: If my statement on Kuldeep hurt Ashwin, I’m glad I made that statement: Ravi Shastri

We use cookies to give you the best possible experience. Learn more