ജയ് ശ്രീറാം വിളിക്കാതെ മുസ്‌ലിം യുവതിക്ക് ഭക്ഷണം കൊടുക്കില്ലെന്ന് പറഞ്ഞ അതേസ്ഥലത്ത് ഭക്ഷണം വിതരണം ചെയ്ത് മറുപടി
national news
ജയ് ശ്രീറാം വിളിക്കാതെ മുസ്‌ലിം യുവതിക്ക് ഭക്ഷണം കൊടുക്കില്ലെന്ന് പറഞ്ഞ അതേസ്ഥലത്ത് ഭക്ഷണം വിതരണം ചെയ്ത് മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd November 2024, 9:37 am

മുംബൈ:  ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം യുവതിക്ക് ഭക്ഷണം നിഷേധിച്ച മുംബൈ ടാറ്റ ഹോസ്പിറ്റലിന് സമീപത്ത് വെച്ച് എല്ലാവര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്ത് മാതൃകയായി മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍.

കഴിഞ്ഞ ദിവസം ടാറ്റ ഹോസ്പിറ്റലിന് സമീപത്ത് ഒരു എന്‍.ജി.ഒ ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ജയ് ശ്രീറാം വിളിക്കാത്ത മുസ്‌ലിം യുവതിക്ക് അധിക്ഷേപം നേരിട്ടിരുന്നു.

മുംബൈയിലെ ജര്‍ഭായ് റാഡിയ റോഡിലെ ടാറ്റ ഹോസ്പിറ്റലിന് സമീപമായിരുന്നു സംഭവം. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങാനെത്തിയ യുവതിയോട് ഭക്ഷണം ലഭിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്ന് വിതരണക്കാരിലൊരാള്‍ ആവശ്യപ്പെടുകയായിരുന്നു.

ജയ് ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണം നല്‍കില്ലെന്ന് വിതരണക്കാരന്‍ ഭീഷണിപ്പെടുത്തിയെങ്കിലും യുവതി ഇത് വിസമ്മതിച്ചു. ഇതിന് പിന്നാലെ ക്യൂവില്‍ നിന്ന് മാറിപ്പോകാന്‍ യുവതിയോട് ആവശ്യപ്പെട്ട വിതരണക്കാരന്‍ യുവതിയെ ചവിട്ടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.

ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിതരണക്കാരനെ വിമര്‍ശിച്ചും യുവതിക്ക് ഐക്യദാര്‍ഢ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം മുംബൈ ബ്രദര്‍ഹുഡ് ഫൗണ്ടേഷന്‍ നടത്തിയ ഭക്ഷണ വിതരണത്തില്‍ ഭക്ഷണം കിട്ടാന്‍ വേണ്ടി ആരും അല്ലാഹു അക്ബര്‍ എന്നോ മറ്റ് മത മുദ്രാവാക്യങ്ങളോ വിളിക്കേണ്ടതില്ലെന്നും ഭക്ഷണം വേണ്ട എല്ലാവര്‍ക്കും അത് നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു.

ഈ സംഘടന വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങാന്‍ നിരവധി ആളുകള്‍ ക്യൂ നില്‍ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്.

Content Highlight: If Muslim woman doesn’t say Jaishreem Ram she wouldn’tget food another NGO Reply by distributing food at the same place