| Tuesday, 11th June 2024, 1:50 pm

പ്രധാനമന്ത്രിയാകാന്‍ അര്‍ഹനാണോ എന്ന് മോദി സ്വയം ആലോചിക്കട്ടെ; മോദി സര്‍ക്കാര്‍ അല്ല, ഇനി ഇന്ത്യാ സര്‍ക്കാറാണ്: പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: ഈ രാജ്യത്തെ നയിക്കാനുള്ള ജനവിധിയാണോ തനിക്ക് ലഭിച്ചതെന്ന് മോദി സ്വയം പരിശോധിക്കേണ്ടിയിരുന്നുവെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് രാജ്യത്തെ നയിക്കാന്‍ തനിക്ക് അധികാരമുണ്ടോ എന്ന് മോദി സ്വയം ആലോചിക്കേണ്ടിയിരുന്നു എന്ന് പവാര്‍ പറഞ്ഞത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷത്തില്‍ വലിയ കുറവുണ്ടായെന്നും കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യകക്ഷികളുടെ പിന്തുണ സ്വീകരിക്കേണ്ടി വന്നെന്നും പവാര്‍ ചൂണ്ടിക്കാട്ടി.

എന്‍.സി.പിയുടെ 25-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് അഹമ്മദ് നഗറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പവാര്‍. ചടങ്ങില്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെയും പാര്‍ട്ടി ആദരിച്ചു.

‘നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരു ജനവിധിയാണോ യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് വോട്ടര്‍മാര്‍ നല്‍കിയത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാനുള്ള അര്‍ഹത അദ്ദേഹത്തിന് ഉണ്ടോ? പ്രധാനമന്ത്രിയാകാന്‍ രാജ്യത്തെ ജനങ്ങള്‍ അദ്ദേഹത്തിന് സമ്മതം നല്‍കിയോ? അവര്‍ക്ക് (ബി.ജെ.പി) ഭൂരിപക്ഷമില്ലായിരുന്നു. അവര്‍ക്ക് സര്‍ക്കാരുണ്ടാക്കാന്‍ തെലുങ്കുദേശം പാര്‍ട്ടിയുടെയും ബിഹാര്‍ മുഖ്യമന്ത്രിയുടെയും (നിതീഷ് കുമാര്‍) സഹായം തേടേണ്ടിവന്നു,’ പവാര്‍ പറഞ്ഞു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള നിലവിലെ എന്‍.ഡി.എ സര്‍ക്കാര്‍ മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും പവാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് മോദി എവിടെ പോയാലും സര്‍ക്കാരിനെ ‘ഇന്ത്യാ സര്‍ക്കാര്‍’ എന്ന് വിശേഷിപ്പിച്ചിരുന്നില്ല. മോദി സര്‍ക്കാര്‍, മോദിയുടെ ഗ്യാരണ്ടി എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആ മോദി ഗ്യാരണ്ടി ഇനിയില്ല.

ഇന്ന് അവരുടേത് മോദി സര്‍ക്കാരല്ല. ഇന്ന് നിങ്ങളുടെ വോട്ട് കാരണം തങ്ങളുടേത് ഇന്ത്യാ ഗവണ്‍മെന്റാണെന്ന് അവര്‍ക്ക് പറയേണ്ടി വരും. ഇന്ന് നിങ്ങള്‍ കാരണം അവര്‍ക്ക് മറ്റൊരു സമീപനം സ്വീകരിക്കേണ്ടി വരുന്നു.’ പവാര്‍ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനം രാജ്യത്തിന്റെതാണ്, ഒരു പ്രത്യേക പാര്‍ട്ടിയുടേതല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ജാതികളെയും മതങ്ങളെയും കുറിച്ച് അധികാരത്തിലിരിക്കുന്നവര്‍ ചിന്തിക്കണം.

എന്നാല്‍ മോദി അത് ചെയ്യാന്‍ മറന്നു. അദ്ദേഹം ചെയ്ത കാര്യങ്ങള്‍ മുഴുവന്‍ ബോധപൂര്‍വം തന്നെ ചെയ്തതാണെന്ന് എനിക്കുറപ്പാണ്. മുസ്‌ലിങ്ങള്‍, സിഖുകാര്‍, ക്രിസ്ത്യാനികള്‍, പാഴ്‌സികള്‍ തുടങ്ങിയ ന്യൂനപക്ഷങ്ങള്‍ രാജ്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. അവര്‍ക്ക് സര്‍ക്കാരില്‍ വിശ്വാസമുണ്ടായിരിക്കണം, പക്ഷേ അങ്ങനെ ഒരു വിശ്വാസം ഉണ്ടാക്കുന്നതില്‍ മോദി പരാജയപ്പെട്ടു.

പകരം തന്റെ പ്രസംഗത്തില്‍, കൂടുതല്‍ കുട്ടികളുള്ള ഒരു വിഭാഗത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്, അദ്ദേഹം ഉദ്ദേശിച്ചത് മുസ്‌ലീങ്ങളെയാണെന്ന് ആര്‍ക്കാണ് മനസിലാവാത്തത്.

ഈ ആളുകളുടെ കൈകളില്‍ അധികാരം എത്തിയാല്‍ അവര്‍ സ്ത്രീകളുടെ മംഗല്യസൂത്രം (താലിമാല) തട്ടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് എപ്പോഴെങ്കിലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടോ, ഒരു പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടത്?

ശിവസേനയെ (യു.ബി.ടി) മോദി വ്യാജപാര്‍ട്ടി എന്ന് വിളിച്ചു. പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്ന ആരെങ്കിലും ആരെയെങ്കിലും അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി വ്യാജ പാര്‍ട്ടിയെന്ന് വിളിക്കുമോ?

അധികാരം തിരിച്ചുപിടിക്കാനുള്ള സാധ്യത കുറയുമ്പോള്‍ ഒരാള്‍ അസ്വസ്ഥനാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിക്കുന്നത്. ഒരു തരത്തില്‍ അത് തന്നെയാണ് സംഭവിച്ചതും.

രാഷ്ട്രീയത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രസക്തിയുണ്ടാകുമെന്ന് പലരും കരുതിയെന്നും എന്നാല്‍ അയോധ്യയില്‍ തന്നെ ബി.ജെ.പി സ്ഥാനാര്‍ഥി പരാജയപ്പെട്ടെന്നും പവാര്‍ പറഞ്ഞു.

നാളെ ഞാന്‍ അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോയാല്‍ അത് എന്റെ രാഷ്ട്രീയത്തിനായി ഞാന്‍ ഒരിക്കലും ഉപയോഗിക്കില്ല, എന്നാല്‍ മോദി ചെയ്ത തെറ്റ് അയോധ്യയിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അവര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പാക്കി, പവാര്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണ നേടുന്നതിനായി ഒരു മികച്ച ടീമിനെ തന്നെ എന്‍.സി.പി സൃഷ്ടിച്ചെടുക്കുമെന്നും മഹാരാഷ്ട്രയില്‍ മാത്രമല്ല, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും ജാര്‍ഖണ്ഡിലും തങ്ങള്‍ പ്രവര്‍ത്തിക്കുകയും സര്‍ക്കാരുകള്‍ രൂപീകരിക്കുകയും ചെയ്യുമെന്നും പവാര്‍ വ്യക്തമാക്കി.

സംഘടനയെ ശക്തിപ്പെടുത്താനും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

Content Highlight: if Modi had mandate for third term as PM; Sarad pawar

We use cookies to give you the best possible experience. Learn more