മോദി രണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ കെ.സി.ആര്‍ ആറ് ക്ഷേത്രങ്ങളില്‍ കയറും; തെലങ്കാന പിടിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്ന് ഉവൈസി
തെലങ്കാന: തെലങ്കാനയില്‍ സര്‍ക്കാരുണ്ടാക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം വെറും വ്യാമോഹം മാത്രാണെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസി.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ തെരഞ്ഞെടുപ്പിലൂടെ തോല്‍പ്പിക്കാന്‍ മോദിക്കാവില്ലെന്നും ഇരുവരും അങ്ങേയറ്റം ഉറച്ച ഹൈന്ദവ വിശ്വാസികളാണെന്നതാണ് അതിന് കാരണമെന്നും ഉവൈസി പറഞ്ഞു.
” തെലങ്കാനയില്‍ സര്‍ക്കാരുണ്ടാക്കുമെന്നാണ് ബി.ജെ.പി പറയുന്നത്. എന്നാല്‍ അത് നടക്കില്ല. കാരണം ചന്ദ്രശേഖര്‍ റാവു അടിയുറച്ച ഒരു ഹൈന്ദവ വിശ്വാസിയാണ്. മോദി രണ്ട് ക്ഷേത്രത്തില്‍ കയറുമ്പോള്‍ കെ.സി.ആര്‍ ആറ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരിക്കും”- ഉവൈസി പറഞ്ഞു.
ഹിന്ദുത്വത്തെ ഉപയോഗിച്ച് കെ.സി.ആറിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബി.ജെ.പിക്ക് അറിയാമെന്നും ഉവൈസി പറഞ്ഞു. താന്‍ ഹിന്ദുമതത്തിനെതിരല്ല, എന്നാല്‍ ഹിന്ദുത്വത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.