ഹൈദരാബാദ്: മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയതില്‍ മുസ്‌ലീങ്ങള്‍ ഭയപ്പെടേണ്ടിതില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. മുസ്‌ലീങ്ങള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ പിന്‍തുടരാമെന്നും പള്ളികള്‍ സന്ദര്‍ശിക്കാമെന്നും ഭയപ്പെടേണ്ടതില്ലെന്നും ഒവൈസി പറഞ്ഞു. ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ഒവൈസി കൂട്ടിചേര്‍ത്തു.
‘മോദിക്ക് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുമെങ്കില്‍ നമുക്ക് പള്ളികള്‍ സന്ദര്‍ശിക്കാം.മോദിക്ക് ഗുഹക്കുള്ളില്‍ പോയി ധ്യാനമിരിക്കാമെങ്കില്‍ മുസ്‌ലീങ്ങള്‍ക്കും പള്ളികളില്‍ പോയിരുന്ന് പ്രാര്‍ത്ഥിക്കാം. മുന്നൂറില്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നത് അത്രവലിയ കാര്യമായി കണക്കാക്കേണ്ടതില്ല. കാരണം ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്. ബി.ജെ.പിയുടെ മുന്നൂറ് സീറ്റുകളൊന്നും നമ്മുടെ അവകാശങ്ങളെ എടുത്തുകളയുന്നില്ല.’ഒവൈസി പറഞ്ഞു.
ബി.ജെ.പി ജയിച്ച ഉത്തര്‍പ്രദേശില്‍ പോലും എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് പോലും അറിയില്ല. മുന്നൂറ് സീറ്റില്‍ വിജയിച്ചപ്പോള്‍ ഇന്ത്യ ഭരിക്കാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ അത് തെറ്റിപോയെന്നും ഒവൈസി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 303 സീറ്റുകളിലാണ് വിജയിച്ചത്. എ.ഐ.എം.ഐ.എമ്മിന് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനം ഇസ്‌ലാമിന് ഒരു കളങ്കമാണെന്നും ഒവൈസി പറഞ്ഞു.
40 കുട്ടികളടക്കം നിരവധിപേര്‍ കൊല്ലപ്പെട്ട ശ്രീലങ്കന്‍ സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ ബോംബര്‍
ഇസ്‌ലാം മതത്തിന് തന്നെ ബ്ലാക്ക് മാര്‍ക്ക് ആണെന്നും ഒവൈസി പറഞ്ഞു.
ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്‌ഫോടനമുണ്ടായത്.സ്ഫോടനത്തില്‍ 359 പേര്‍ കൊല്ലപ്പെട്ടിരുന്നു.