ലയണൽ മെസി പി.എസ്.ജിയിൽ തുടരുമോ ക്ലബ്ബ് വിടുമോ? എന്ന ചോദ്യമാണ് ഫുട്ബോൾ ലോകത്തിപ്പോൾ ഉയർന്ന് കേൾക്കുന്നത്.
വരുന്ന ജൂണിലാണ് താരത്തിന്റെ പി.എസ്.ജിയിലെ കരാർ അവസാനിക്കുന്നത്. ശേഷം കരാർ പുതുക്കിയില്ലെങ്കിൽ ഫ്രീ ഏജന്റായി മാറുന്ന മെസിയെ നോട്ടമിട്ട് ബാഴ്സലോണ, ഇന്റർ മിയാമി, ഇന്റർ മിലാൻ, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
എന്നാൽ മെസി പി.എസ്.ജി വിട്ട് ബാഴ്സലോണയിലേക്ക് എത്താനാണ് സാധ്യത കൂടുതലെന്നാണ് ഫുട്ബോൾ വിദഗ്ധരടക്കം വിലയിരുത്തുന്നത്.
എന്നാലിപ്പോൾ മെസി പി.എസ്.ജി വിടുകയാണെങ്കിൽ താരത്തിന് പകരം റൊണാൾഡോയുടെ പോർച്ചുഗീസ് ടീമിലെ പകരക്കാരനെ പി.എസ്. ജി തങ്ങളുടെ ക്ലബ്ബിലെക്കെത്തിക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കുട്ടിയോയാണ് പോർച്ചുഗീസ് താരമായ ബെർണാഡോ സിൽവയെ മെസിക്ക് ബദലായി പി.എസ്.ജി തങ്ങളുടെ ക്ലബ്ബിലേക്കെത്തിക്കാൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുന്നത്.
നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കായി കളിക്കുന്ന സിൽവയെ മെസിക്ക് പകരമാക്കാൻ പറ്റിയ താരമായാണ് പി.എസ്.ജി കണക്കുകൂട്ടുന്നത്.
നിലവിൽ 2025വരെ സിറ്റിയിൽ കരാറുള്ള സിൽവയെ വൻ തുക മുടക്കിയാണ് പി.എസ്.ജി തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമം നടത്തുന്നത്.