പി.എസ്.ജിയുടെ മുന്നേറ്റ നിരയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമാണ് എംബാപ്പെ. ലോകകപ്പിന് ശേഷം ക്ലബ്ബ് മത്സരങ്ങളിലൊന്നും താരത്തിന് വേണ്ട രീതിയിൽ തിളങ്ങാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ വലിയ വിമർശനങ്ങളും താരത്തിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്ന് കേട്ടിരുന്നു. എന്നാലിപ്പോൾ എംബാപ്പെയുടെ കളി മികവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് പി.എസ്.ജിയുടെ മൊറോക്കൻ താരമായ അഷ്റഫ് ഹക്കീമി.
എംബാപ്പെ മികവിലേക്കുയർന്നാൽ പി.എസ്. ജിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നും ചാമ്പ്യൻസ് ലീഗ് അടക്കം എല്ലാ പുരസ്കാരങ്ങളും ഫ്രഞ്ച് ക്ലബ്ബിന് എളുപ്പത്തിൽ സ്വന്തമാക്കാൻ സാധിക്കുമെന്നുമാണ് ഹക്കീമി അഭിപ്രായപ്പെട്ടിരിക്കുന്നത്.
ആർ.എം.സി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് ഹക്കീമി എംബാപ്പെയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“എംബാപ്പെ മികവുറ്റ കളിക്കാരനാണ്. ഞങ്ങളുടെ ക്ലബ്ബിന്റെ മുന്നോട്ട് പോക്കിന് നിരവധി സഹായങ്ങൾ അദ്ദേഹം സംഭാവന ചെയ്യുന്നുണ്ട്. നിലവിലെ മെന്റാലിറ്റിയിൽ മുന്നോട്ട് പോകാൻ സാധിച്ചാൽ ക്ലബ്ബിന് ഉയരങ്ങൾ താണ്ടാൻ സാധിക്കും,’ ഹക്കീമി പറഞ്ഞു.
“എംബാപ്പെ ബയേണിന് എതിരെ കളിക്കുമോയെന്ന് എനിക്ക് അറിയില്ല. ഞങ്ങൾ പ്രാധാന്യം കൊടുക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തിനാണ്. അദ്ദേഹം കളിക്കുമെങ്കിൽ അത് ഞങ്ങൾക്ക് ഗുണം ചെയ്യും. അല്ലെങ്കിൽ ഞങ്ങൾ മറ്റ് വഴികൾ കണ്ടെത്തും,’ ഹക്കീമി കൂട്ടിച്ചേർത്തു.
കൂടാതെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ എംബാപ്പെയുടെ സാന്നിധ്യം പി.എസ്.ജിക്ക് കരുത്ത് പകരുമെന്നും ഹക്കീമി പറഞ്ഞു.
ഫെബ്രുവരി 14ന് ബയേൺ മ്യൂണിക്കിനെതിരെയാണ് പി.എസ്.ജിയുടെ ചാമ്പ്യൻസ് ലീഗ് മത്സരം.
ഫെബ്രുവരി ഒന്നിന് മോൺടെപെല്ലിയറുമായി നടന്ന മത്സരത്തിൽ പരിക്ക് പറ്റിയതിനെ തുടർന്ന് എംബാപ്പെക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണിപ്പോൾ. മൂന്ന് മാസമെങ്കിലും താരത്തിന് വിശ്രമം വേണ്ടി വരുമെന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. നെയ്മറും പരിക്കിന്റെ പിടിയിലാണ്.
ഈ സീസണിൽ 26 മത്സരങ്ങളിൽ നിന്നും 26 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് എംബാപ്പെയുടെ സമ്പാദ്യം.
അതേസമയം ലീഗ് വണ്ണിൽ 22 മത്സരങ്ങളിൽ നിന്നും 17 വിജയം ഉൾപ്പെടെ 54 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.
ഫെബ്രുവരി 9ന് ഫ്രഞ്ച് കപ്പിൽ ചിര വൈരികളായ മാഴ്സലെക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.
Content Highlights:If Mbappe plays well, PSG will win the Champions League; said Achraf Hakimi