| Friday, 3rd November 2023, 5:55 pm

'കൃഷ്ണ ഭഗവാന്‍ അനുവദിച്ചാല്‍ ഞാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും': കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് സൂചന നല്‍കി നടി കങ്കണ റണാവത്ത്. ശ്രീകൃഷ്ണന്‍ തന്നെ അനുഗഹിച്ചാല്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച ശ്രീകൃഷ്ണ ദ്വാരകധീഷ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ എത്തിയപ്പോഴായിരുന്നു അവരുടെ പ്രതികരണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു ശ്രീകൃഷ്ണന്‍ അനുഗ്രഹിച്ചാല്‍ ഞാന്‍ മത്സരിക്കും എന്ന മറുപടി.

600 വര്‍ഷത്തെ പോരാട്ടത്തിന് ശേഷം അയോധ്യയില്‍ രാമന്റെ പ്രതിഷ്ഠ സാധ്യമാക്കിയതിന് ബി.ജെ.പി സര്‍ക്കാറിനെ അവര്‍ പ്രശംസിച്ചു.

‘ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമഫലമായി 600 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാര്‍ക്ക് ഈ ദിവസം കാണാനായത്. മഹത്തായ ആഘോഷത്തോടെ രാമക്ഷേത്രം സ്ഥാപിക്കും. സനാതന ധര്‍മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം’ നടി പറഞ്ഞു.

കടലിനടിയില്‍ മുങ്ങിപ്പോയ നഗരത്തിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കണമെന്നും കങ്കണ
സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘ദ്വാരക ഒരു ദിവ്യ നഗരമാണെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇവിടെ എല്ലാം അതിശയകരമാണ്. കണികകളിലും ദ്വാരകദിഷ് ഉണ്ട്.അവനെ കാണുമ്പോള്‍ ഞാന്‍ അനുഗ്രഹീതയാകും. ഭഗവാന്റെ ദര്‍ശനം ലഭിക്കാന്‍ ഞാന്‍ എപ്പോഴും ഇവിടെ വരാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് ജോലിയില്‍ നിന്ന് ഒരിടവേള ലഭിക്കുമ്പോള്‍ ഞാന്‍ വരും,’ കങ്കണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കങ്കണ റണാവത്ത് നായികയായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് തേജസ്. എന്നാല്‍ റിലീസ് ദിനത്തില്‍ തന്നെ ചിത്രം ബോക്സ് ഓഫീസില്‍ കിതക്കുന്ന കാഴ്ചയാണ് കണ്ടത്. ചിത്രം കാണാനായി തുലോം തുച്ഛം പ്രേക്ഷകരാണ് തിയേറ്ററിലേക്ക് വരുന്നത്. ഇതോടെ പ്രേക്ഷകരെ തിയേറ്ററിലേക്ക് ക്ഷണിച്ച് കങ്കണ വീഡിയോ പങ്കുവെച്ചിരുന്നു. അതേസമയം കങ്കണയുടെ അഭ്യര്‍ത്ഥനക്ക് പിന്നാലെ പരിഹാസവുമായി നടന്‍ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ‘ഇന്ത്യക്ക് 2014ല്‍ സ്വാതന്ത്ര്യം ലഭിച്ചതല്ലേയുള്ളൂ. ഒന്ന് കാത്തിരിക്കൂ, പതുക്കെ കേറി വരും,’ എന്നാണ് എക്സില്‍ പ്രകാശ് രാജ് കങ്കണക്ക് മറുപടി നല്‍കിയത്. 2014ലാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ തന്നെ പഴയ വാക്കുകള്‍ കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ പരാമര്‍ശം.

content highlight :’If Lord Krishna blesses, I will contest Lok Sabha elections’: Actor Kangana Ranaut

We use cookies to give you the best possible experience. Learn more