തിരുവനന്തപുരം: കേരളത്തിലെ ഇടതുമുന്നണിക്ക് ഇന്ത്യാസഘ്യത്തോട് കൂറുണ്ടായിരുന്നു എങ്കില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കരുതായിരുന്നു എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മീഡിയവണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ കൊടികള്‍ ഉപയോഗിക്കരുതെന്ന് എ.ഐ.സി.സിയുടെ തീരുമാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ 2019ല്‍ ഇന്ത്യമുന്നണി ഇല്ലായിരുന്നു. അന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിച്ചത്. ഇന്ന് ഇന്ത്യാമുന്നണിയുണ്ട്. രാഹുല്‍ ഗാന്ധി വയനാട്ടിലെ സിറ്റിങ് എം.പിയുമാണ്. അപ്പോള്‍ ഇവിടുത്തെ എല്‍.ഡി.എഫിന് ഇന്ത്യമുന്നണയോട് കൂറുണ്ടായിരുന്നെങ്കില്‍ വയനാട്ടില്‍ അവര്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കരുതായിരുന്നു. അവിടെയാണ് തെറ്റ് പറ്റിയിരിക്കുന്നത്’ എ.കെ. ആന്റണി പറഞ്ഞു.
വയനാട്ടില്‍ പ്രചാരണങ്ങളില്‍ കൊടി ഉപയോഗിക്കേണ്ടതില്ല എന്ന് എ.ഐ.സി.സി തീരുമാനമല്ലെന്നും അത് വയനാട്ടില്‍ നിന്ന് പ്രാദേശികമായുണ്ടായ തീരുമാനമാണെന്നും എ.കെ. ആന്റണി പറഞ്ഞു. രാഹുല്‍ഗാന്ധിക്ക് ഇരുവശത്തുമായി നില്‍ക്കുന്നത് കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങള്‍കുടുംബത്തില്‍ നിന്നുള്ള ആളാണെന്നും ആന്റണി പറഞ്ഞു. കൊടികള്‍ക്ക് പകരം ബലൂണുകള്‍ ഉപയോഗിക്കാനാണ് അവിടെ തീരുമാനിച്ചതെന്നും ബലൂണുകളില്‍ എല്ലാ നിറങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ കൊടി ഉപയോഗിക്കേണ്ട എന്നത് എ.ഐ.സി.സിയുടേയോ, കെ.പി.സി.സിയുടേയോ തീരുമാനമല്ല. അത് വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് എടുത്തിട്ടുള്ള തീരുമാനമാണ്. കൊടി വേണ്ട, ബലൂണ്‍ മതി എന്നായിരുന്നു ആ തീരുമാനം. ബലൂണില്‍ എല്ലാ കളറമുണ്ട്. അത് അവിടുത്തെ പ്രാദേശിക തീരുമാനമാണ്. ഞങ്ങള്‍ക്കാര്‍ക്കും അതില്‍ പങ്കില്ല. രാഹുല്‍ഗാന്ധിയുടെ വലതു ഭാഗത്ത് നില്‍ക്കുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. തൊട്ടടുത്ത് തങ്ങള്‍ ഫാമിലിയിലുള്ള ആളുമുണ്ട്. എ.കെ. ആന്റണി പറഞ്ഞു.
content highlights: If LDF was loyal to India front, it should not have contested against Rahul Gandhi in Wayanad: A.K. Anthony