| Thursday, 18th March 2021, 9:30 pm

തവന്നൂരില്‍ കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരും; വധഭീഷണിയുണ്ടെന്നും ഫിറോസ് കുന്നംപറമ്പില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: തവന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താന്‍ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പില്‍.

റിപ്പോര്‍ട്ടര്‍ ടി.വിയോട് ആയിരുന്നു ഫിറോസിന്റെ പ്രതികരണം. തവനൂരില്‍ തോല്‍വിയാണെങ്കില്‍ ഫിറോസ് കുന്നംപറമ്പിലിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കും, അതില്‍ യാതൊരു വിധ സംശയവും വേണ്ട. മാഷാ അല്ലാഹ് എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തീര്‍ച്ചയായും വധഭീഷണിയുണ്ടെന്നും അതൊന്നും ആരും പറഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ എന്നും ഫിറോസ് പ്രതികരിച്ചു.കെ.ടി ജലീല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വൃക്കരോഗികള്‍ക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്‌നി വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറഞ്ഞു.

ഫിറോസ് കുന്നംപറമ്പിലിന്റെ വാക്കുകള്‍

ഞാന്‍ എന്തായാലും സ്വര്‍ണം കടത്താനൊന്നും പോകില്ല. മലപ്പുറം ജില്ലാ പഞ്ചായത്ത് കിഡ്നി വെല്‍ഫെയര്‍ അസോസിയേഷനും കിഡ്നി ഓപ്പറേഷന്‍ കഴിഞ്ഞ രോഗികള്‍ക്കും വേണ്ടി ഒരു പദ്ധതി നടപ്പിലാക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്ക് ജോലിക്ക് പോകാന്‍ പറ്റാത്തതുകൊണ്ട് അവര്‍ക്ക് സഹായങ്ങളും മരുന്നു നല്‍കുന്നതായിരുന്നു പദ്ധതി. കെ ടി ജലീല്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഈ പദ്ധതി മുടക്കി.

കിഡ്നി വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികള്‍ മന്ത്രി ഈ പദ്ധതി മുടക്കിയ കാര്യം അറിയിച്ചു. അന്വേഷിച്ചപ്പോള്‍ ഇത്തരം പദ്ധതികള്‍ ജലീല്‍ മുടക്കിയിട്ടുണ്ടെന്ന് വ്യക്തമായി.

ജീവകാരുണ്യ പ്രവര്‍ത്തനം ജയിച്ചാലും ഉണ്ടാകും. സര്‍ക്കാരില്‍ നിന്നും കൂടുതല്‍ പദ്ധതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. തോറ്റാല്‍ ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. എന്നെ വകവരുത്താനുള്ള പദ്ധതികള്‍ ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്ത് കഴിഞ്ഞു. മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച വാഹനമൊക്കെ നമുക്ക് മുന്‍പേ ഓര്‍മ്മയുണ്ടല്ലോ. അത് ചിലപ്പോ ഇനിയുമുണ്ടാകാം. തീര്‍ച്ചയായും വധഭീഷണിയുണ്ട്. എന്നെ ഇല്ലാതാക്കാന്‍ സാധ്യതയുണ്ട്. എന്നാലും ഞാന്‍ തളരില്ല. എനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. പല ആരോപണങ്ങളും എനിക്കെതിരെ കൊണ്ടുവരാന്‍ ശ്രമിച്ചു.

ഞാന്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് വന്നതാണ്. ജലീല്‍ എം.എല്‍.എ ആയിരുന്നു, മന്ത്രിയായിരുന്നു. മന്ത്രിയായതുകൊണ്ട് അയാള്‍ക്ക് മാത്രമാണ് ഗുണം ലഭിച്ചിട്ടുള്ളത്. ജലീല്‍ മാത്രമാണ് എം.എല്‍.എയും മന്ത്രിയുമായത്, ജനങ്ങളല്ല. ഞാന്‍ എം.എല്‍.എ ആയാല്‍ ജനങ്ങളുടെ പ്രതിനിധിയാണ്. പ്രധാനമായും വയ്യാത്ത ആളുകളെ സഹായിക്കും. അത്തരം പദ്ധതികള്‍ മണ്ഡലത്തില്‍ കൊണ്ടുവരും. യു.ഡി.എഫ് പ്രകടന പത്രികയില്‍ അത്തരം പദ്ധതികളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: If KT Jalil loses in Tavanur, Innova with Masha Allah sticker will come; Firoz Kunnamparambil says there is death threat

We use cookies to give you the best possible experience. Learn more