ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെയാണ് നേരിടുന്നത്. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും മൂന്നു തോല്‍വിയും അടക്കം 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത. അതേസമയം മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും ആറു വിജയവും നാലു തോല്‍വിയും അടക്കം 12 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ലഖ്‌നൗ.
അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം വിജയിച്ചു കൊണ്ട് പ്ലേഓഫിലേക്ക് യോഗ്യത നേടാന്‍ ആയിരിക്കും ശ്രേയസ് അയ്യരും സംഘവും കളത്തില്‍ ഇറങ്ങുന്നത്. മറുഭാഗത്ത് കൊല്‍ക്കത്തക്കെതിരെ വിജയിച്ചുകൊണ്ട് പ്ലേ ഓഫിലേക്കുള്ള മത്സരം ശക്തമാക്കി നിലനിര്‍ത്താന്‍ ആയിരിക്കും രാഹുലും കൂട്ടരും ലക്ഷ്യമിടുക.
നിലവില്‍ ഐ.പി.എല്ലിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആണ്. പത്തു മത്സരങ്ങളില്‍ നിന്ന് എട്ടു വിജയവും രണ്ടു തോല്‍വിയും അടക്കം 16 പോയിന്റുമായി പ്ലേ ഓഫിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജുവും കൂട്ടരും.
ഈ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയുടെ ഒന്നാം സ്ഥാനത്തേക്കു മുന്നേറാനുള്ള സുവര്‍ണ്ണാവസരമാണ് ലഭിക്കുക. കൊല്‍ക്കത്ത ലഖ്‌നൗവിനെതിരെ ജയിക്കുകയാണെങ്കില്‍ കൊല്‍ക്കത്തക്ക് 16 പോയിന്റ് ആയി മാറും.
ഇതോടെ രാജസ്ഥാനും കൊല്‍ക്കത്തക്കും ഒരേ പോയിന്റ് ആവും ഉണ്ടായിരിക്കുക. എന്നാല്‍ നെറ്റ് റണ്‍ റേറ്റില്‍ രാജസ്ഥാനെക്കാള്‍ ഒരുപടി മുന്നിലാണ് കൊല്‍ക്കത്ത. +1.098 ആണ് കൊല്‍ക്കത്തയുടെ റണ്‍റേറ്റ് എന്നാല്‍ രാജസ്ഥാന് +0.622 മാത്രമാണ് റണ്‍ റേറ്റ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്ന് കൊല്‍ക്കത്ത വിജയിക്കുകയാണെങ്കില്‍ ദീര്‍ഘനാളായി ഐ.പി.എല്ലിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ സഞ്ജുവും കൂട്ടരും രണ്ടാം സ്ഥാനത്തേക്ക് വീഴും.
അതേസമയം മെയ് ഏഴിനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. ദല്‍ഹി ക്യാപ്പിറ്റല്‍സ് ആണ് സഞ്ജുവിന്റെയും കൂട്ടരുടെയും എതിരാളികള്‍. ഐ.പി.എല്‍ അവസാനഘട്ടത്തോടത്തുകൊണ്ടിരിക്കുമ്പോള്‍ ഏതെല്ലാം ടീമുകള്‍ ആദ്യനാലില്‍ ഇടം നേടുമെന്ന് ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകര്‍.
Content Highlight: If Kolkata beat Lucknow Supergiants today Rajasthan will move to the second position