ഇംപീച്ച്‌മെന്റല്ല പരിഹാരം; ജസ്റ്റിസ് ഗോഗോയിയെ ചീഫ് ജസ്റ്റിസ് ആക്കിയില്ലെങ്കില്‍ ഞങ്ങളന്നുന്നയിച്ച ആരോപണം ശരിയെന്ന് തെളിയും: വീണ്ടും പരസ്യപ്രതികരണവുമായി ജസ്റ്റിസ് ചെലമേശ്വര്‍
National Politics
ഇംപീച്ച്‌മെന്റല്ല പരിഹാരം; ജസ്റ്റിസ് ഗോഗോയിയെ ചീഫ് ജസ്റ്റിസ് ആക്കിയില്ലെങ്കില്‍ ഞങ്ങളന്നുന്നയിച്ച ആരോപണം ശരിയെന്ന് തെളിയും: വീണ്ടും പരസ്യപ്രതികരണവുമായി ജസ്റ്റിസ് ചെലമേശ്വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th April 2018, 9:54 am

 

ന്യൂദല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റിസാക്കുന്നില്ലെങ്കില്‍ താനുള്‍പ്പെടെയുള്ള നാല് ജഡ്ജിമാര്‍ സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്നു തെളിയുമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. ഹാര്‍ഡ് വാര്‍ഡ് ക്ലബ് ഓഫ് ഇന്ത്യ “ജനാധിപത്യത്തില്‍ ജുഡീഷ്യറിയുടെ പങ്ക്” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്‍ത്തകനായ കരണ്‍ഥാപ്പറാണ് മുഖാമുഖം നയിച്ചത്.

“അങ്ങനെ സംഭവിക്കരുതേ എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഞാനാവാര്‍ത്തിക്കുന്നു, അത് സംഭവിക്കുകയാണെങ്കില്‍ വാര്‍ത്താസമ്മേളനത്തില്‍ ഞങ്ങള്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് അത് തെളിയിക്കുകയാണ്.” എന്നാണ് അദ്ദേഹം പറഞ്ഞത്.

ജനുവരി 12ന് ജസ്റ്റിസ് ഗോഗോയി, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് തുടങ്ങിയ ജഡ്ജിമാര്‍ക്കൊപ്പം ചെലമേശ്വര്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കേസുകള്‍ അനുവദിച്ചു നല്‍കുന്നതില്‍ പക്ഷപാതം കാട്ടുന്നുവെന്നതുള്‍പ്പെടെ കോടതിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരമായ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ ഉന്നയിച്ചിരുന്നു.


Also Read: ബ്രേക്ക് ഇടാന്‍ മറന്നു; ഭുവനേശ്വറില്‍ എന്‍ജിനില്ലാതെ ട്രെയിന്‍ യാത്രികരുമായി ഓടിയത് 10 കിലോമീറ്റര്‍


ജസ്റ്റിസ് ഗോഗോയിയെ ജസ്റ്റിസ് മിശ്ര വിരമിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് കൊണ്ടുവന്നില്ലെങ്കില്‍ എന്ന ആശങ്കയുണ്ടോയെന്ന കരണ്‍ ഥാപ്പറിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ഞാനൊരു ജോത്സ്യനല്ല” എന്നായിരുന്നു ചെലമേശ്വറിന്റെ ആദ്യ പ്രതികരണം. മുമ്പു നടന്നിട്ടുള്ളതുപോലെ ജഡ്ജിമാര്‍ അടിച്ചമര്‍ത്തപ്പെടുന്നത് ജസ്റ്റിസ് ഗോഗിയുടെ കാര്യത്തിലും ആവര്‍ത്തിക്കുമെന്ന ഭീതിയുണ്ടോയെന്ന് ഥാപ്പര്‍ ചോദിച്ചപ്പോള്‍ ” ബെഞ്ചുകള്‍ രൂപീകരിക്കാന്‍ സി.ഐ.ജിക്ക് അധികാരമുണ്ടെന്നതില്‍ സംശയമില്ല. പക്ഷേ ഭരണഘടനാ സമ്പ്രദായത്തില്‍ എല്ലാ അധികാരത്തിലും ചില പ്രത്യേക ഉത്തരവാദിത്തങ്ങളുമുണ്ട്. അധികാരം ഉണ്ട് എന്നതുകൊണ്ട് മാത്രം അധികാരം പ്രയോഗിക്കാന്‍ പാടില്ല. മറിച്ച് പൊതുനന്മയ്ക്കുവേണ്ടിയാവണം അധികാരം പ്രയോഗിക്കേണ്ടത്. നിങ്ങള്‍ക്ക് അധികാരം ഉണ്ട് എന്നതുകൊണ്ടുമാത്രം അത് നടപ്പിലാക്കരുത്. ഇത്തരം ചോദ്യങ്ങള്‍ ഉയരുമ്പോഴെല്ലാം സുപ്രീം കോടതി എല്ലാ കേസുകളിലും പറയാറുള്ളത് ഓരോ അധികാരവും വിശ്വാസമാണ് എന്നതാണ്. പൊതുനന്മയ്ക്കുവേണ്ടിയാവണം അത് നടപ്പിലാക്കേണ്ടത്.” എന്നാണ് ചെലമേശ്വര്‍ മറുപടി പറഞ്ഞത്.

ഒറീസ ഹൈക്കോടതി മുന്‍ ജഡ്ജിയ്‌ക്കെതിരായ വിധിയെക്കുറിച്ച്:

ചീഫ് ജസ്റ്റിസിനെതിരെയുള്ള പരോക്ഷ ആരോപണങ്ങളുള്ള പ്രസാദ് എജ്യുക്കേഷന്‍ ട്രസ്റ്റ് കേസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കൂടുതലെന്തെങ്കിലും പറയുന്നത് ഉചിതമാവില്ലയെന്നായിരുന്നു ചെലമേശ്വറിന്റെ പ്രതികരണം.

ഒറീസ ഹൈക്കോടതി മുന്‍ ജഡ്ജി ഐ.എം ഖുറേഷിയെ അറസ്റ്റു ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ തന്റെ നേതൃത്വത്തിലുള്ള രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന തന്റെ ഉത്തരവ് റദ്ദാക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

” ഞാനും മറ്റൊരാളും പാസാക്കിയ ഉത്തരവ് റദ്ദാക്കാനുണ്ടായ സാഹചര്യമെന്തെന്ന ചോദ്യത്തിന് എനിക്കിതുവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. ഞാന്‍ ആ കേസിനെക്കുറിച്ചു പറയുന്നില്ല. ഒരു മുന്‍ ജഡ്ജിയാണ് അറസ്റ്റിലാവുകയും ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തത്. നീതിയെ കളങ്കപ്പെടുത്താന്‍ അയാള്‍ ശ്രമിച്ചിരുന്നു എന്നതാണ് ഞങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിക്കപ്പെട്ട തെളിവുകളില്‍ നിന്നു മനസിലായത്. രാജ്യത്തെയും സ്ഥാപനത്തേയും സംബന്ധിച്ച് വളരെ ഗൗരവമായ വിഷമാണിതെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കേണ്ടതുണ്ട്.” അദ്ദേഹം വിശദീകരിക്കുന്നു.

ഞാന്‍ എന്റെ അധികാരത്തിനുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.” ചീഫ് ജസ്റ്റിസിന്റെ അധികാരത്തിനുമേല്‍ കൈകടത്തുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസുകളിലെ പക്ഷപാതിത്വം:

ചീഫ് ജസ്റ്റിസ് കേസുകള്‍ പ്രത്യേക ബെഞ്ചുകള്‍ക്ക് അനുവദിക്കുന്നതില്‍ പക്ഷപാതിത്വം കാട്ടുന്നുവെന്ന കത്തില്‍ ഉന്നയിച്ച ആരോപണം ചെലമേശ്വര്‍ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ട്. “അത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്.” അദ്ദേഹം പറഞ്ഞു.

ഇതാണോ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് അതെയെന്നര്‍ത്ഥം വരുന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് “അതെ”യെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.


Also Read: തോട്ടിപ്പണിക്കാരുടെ ജീവിതത്തിലേക്ക് മാറ്റവുമായി യുവസംരംഭകര്‍


കേസുകള്‍ സെലക്ടീവായി നല്‍കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “ഒരു സ്ഥാപനമെന്നനിലയില്‍ നമുക്ക് രാജ്യത്തെ പൊതുജനങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ കഴിഞ്ഞോ? എന്നതാണ് ചോദ്യം. ഇത്തരത്തിലുള്ള അനുവദിക്കലുകള്‍ സ്ഥാപനത്തിന് നല്ലതാണോ?” ഇത്തരം നടപടികള്‍ ജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസം ഇല്ലാതാക്കുകയും ജനാധിപത്യത്തെ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തെക്കുറിച്ച്:

ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ആവശ്യപ്പെടാന്‍ തക്ക അടിസ്ഥാനം നമുക്കുണ്ടോയെന്ന ചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.. “എന്നെ ഇംപീച്ച് ചെയ്യണമെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്തിനാണ് രാജ്യം ഇംപീച്ച്‌മെന്റിനെക്കുറിച്ച് ആശങ്കപ്പെടുന്നത് എന്നെനിക്കറിയില്ല. ഞാനുള്‍പ്പെടെയുള്ളവര്‍ കത്തില്‍ എഴുതിയത് ഇതല്ലാതെ ഈ വ്യവസ്ഥിതിയെ നേരായ രീതിയിലേക്ക് കൊണ്ടുവരാന്‍ മറ്റു നടപടികളുണ്ടെന്നാണ്. എല്ലാ ചോദ്യത്തിനുമുള്ള മറുപടിയല്ല ഇംപീച്ച്‌മെന്റ്.”

പ്രശ്‌നങ്ങള്‍ ഉണ്ടാവാത്ത തരത്തില്‍ ശരിയായ രീതിയില്‍ ഒരു രീതി കൊണ്ടുവരികയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.