ക്ലബ്ബാണെങ്കില്‍ അമ്മ വിടും, അംഗത്വ ഫീസ് തിരികെ വേണം: ജോയ് മാത്യു
Entertainment news
ക്ലബ്ബാണെങ്കില്‍ അമ്മ വിടും, അംഗത്വ ഫീസ് തിരികെ വേണം: ജോയ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 28th June 2022, 6:06 pm

ക്ലബ് ആയ അമ്മയില്‍ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി ഇടവേള ബാബുവിന് കത്തെഴുതി ജോയ് മാത്യു.
സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നല്‍കി അംഗത്വമെടുത്തതെന്നും ക്ലബ്ബ് ആണെന്ന് പറഞ്ഞ സ്ഥിതിക്ക് അംഗത്വ ഫീസ് തിരികെ തരണമെന്നും ജോയ് മാത്യു പറഞ്ഞു.

‘സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നല്‍കി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണം. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണം. നിര്‍വാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അതിനര്‍ഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും’ ജോയ് മാത്യു ചോദിക്കുന്നു.

‘ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവര്‍. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങള്‍ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേത് സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തില്‍ വേര്‍തിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലര്‍ക്കും കീഴ്‌പ്പെടണം.

വിരുദ്ധ അഭിപ്രായങ്ങള്‍ കുറവാണ്. ക്ലബ് ആണെന്ന് പറയുമ്പോള്‍ കൂടെയുള്ളവര്‍ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്, ജോയ് മാത്യു ചോദിക്കുന്നു.

വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും. നടന്‍ ഷമ്മി തിലകന്‍ പറയുന്നതില്‍ കുറേ കാര്യമുണ്ടെന്നും അതോടൊപ്പം കുറേ അപാകതകളുമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാന്‍ നല്ല മകന് പറ്റില്ല കിരീടം സിനിമയുടെ മോഡലാണ് അത് അദ്ദേഹത്തിന് പകയുണ്ടാകാം .

ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകന്‍ ശ്രദ്ധാലുവാണ്. പറയുന്ന കാര്യങ്ങളിലും ഏറെ ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങള്‍ വേണം. അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാന്‍ പറ്റില്ലെന്നും ജോയ് മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight :  If it is a club  i will leave  amma membership fee will be refunded says Joy Mathew