കലാപം തുടരാനാണ് ഇസ്രഈലിന്റെ ഭാവമെങ്കില്‍ മുസ്ലീങ്ങളെയോ പ്രതിരോധ ശക്തികളേയോ തടയാന്‍ ആര്‍ക്കുമാകില്ല: ആയത്തുള്ള അലി ഖമേനി
World News
കലാപം തുടരാനാണ് ഇസ്രഈലിന്റെ ഭാവമെങ്കില്‍ മുസ്ലീങ്ങളെയോ പ്രതിരോധ ശക്തികളേയോ തടയാന്‍ ആര്‍ക്കുമാകില്ല: ആയത്തുള്ള അലി ഖമേനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2023, 9:10 pm

ടെഹ്‌റാന്‍ : ഗസയില്‍ ഇസ്രഈല്‍ കലാപം സൃഷ്ടിക്കുന്നത് തുടരുകയാണെങ്കില്‍ മുസ്ലീങ്ങളെയോ പ്രതിരോധ ശക്തികളെയോ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.

‘സയണിസ്റ്റ് ഭരണകൂടം കുറ്റകൃത്യങ്ങള്‍ തുടരുകയാണെങ്കില്‍, മുസ്ലീങ്ങളെയോ പ്രതിരോധ ശക്തികളേയോ ആര്‍ക്കും തടയാനാകില്ല,’ ഖമേനിയെ ഉദ്ദരിച്ച് ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

ലെബനനിലെ ഹിസ്ബുള്ളയെയും ഇറാഖിലെയും സിറിയയിലേയും സൈനിക വിഭാഗങ്ങളെയുമാണ് ഖമേനി പ്രതിരോധ ശക്തികളെന്ന് സൂചിപ്പിച്ചത്. ഗസയിലെ ഇസ്രഈല്‍ ബോംബാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണിക്കുറുകള്‍ക്കകം ഇസ്രഈലിനെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറബദുല്ലാഹിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘സാധ്യമായ എല്ലാ മാര്‍ഗങ്ങളും സാഹചര്യങ്ങളും ഹിസബുള്ളയ്ക്കുണ്ട്. എല്ലാ കാര്യങ്ങളും അവര്‍ കൃത്യമായി കണക്ക് കൂട്ടിയിട്ടുണ്ട്. ഇസ്രഈലിനെ ഈ മേഖലയില്‍ ഒരു നടപടിയും എടുക്കാന്‍ പ്രതിരോധ ശക്തികള്‍ അനുവദിക്കില്ല,’ അമിറബ്ദുല്ലാഹിയ പറഞ്ഞു.

സംഘര്‍ഷത്തില്‍ രാഷ്ട്രീയ പരിഹാരത്തിന് അവസരം നല്‍കുമെങ്കിലും ഫലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രഈല്‍ ആക്രമണം നടത്തിയാല്‍ ഏത് നടപടിയും സ്വീകരിക്കും. പ്രതിരോധ ശക്തികള്‍ക്ക് ശത്രുക്കളുമായി ദീര്‍ഘകാല യുദ്ധത്തിന് സാധിക്കും. അവര്‍ യുദ്ധം തുടരുകയാണെങ്കില്‍ അത് ഇസ്രഈല്‍ ഭൂപടം തന്നെ മാറ്റിമറയ്ക്കുമെമന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍-ഹമാസ് സംഘര്‍ഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള അറബ് രാഷ്ട്രങ്ങളുടെയും ഐക്യരാഷ്ട്ര സഭയുടെയും വിളികള്‍ തങ്ങള്‍ കേള്‍ക്കില്ലെന്നുo എപ്പോഴാണ് ഇടപെടേണ്ടതെന്ന് ഹിസബുള്ളക്കറിയാമെന്നും ഹിസബുള്ള ചീഫ് നെയിം ഖ്വസീം പറഞ്ഞതായി അല്‍ മനാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രഈലിനെതിരെ ആക്രമണം അഴിച്ചുവിട്ടാല്‍ ഹിസ്ബുള്ളയ്‌ക്കെ തിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രഈല്‍ പ്രതിരോധ സേന അറിയിച്ചു.

Content Highlights: If Israel continues its crimes, no one can stop resistance forces, says Khamenei