ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തിനാണ് ഇനി കളമൊരുങ്ങുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ആധികാരികമായി ജയിച്ച ആതിഥേയര്‍ ഇതിനോടകം തന്നെ സീരീസ് സ്വന്തമാക്കി കഴിഞ്ഞു.
ജനുവരി 24ന് നടക്കുന്ന ഡെഡ് റബ്ബര്‍ മത്സരത്തിലും ജയിച്ച് സീരീസ് വൈറ്റ് വാഷ് ചെയ്യാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാനെങ്കിലുമുള്ള വിജയമാണ് കിവികള്‍ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ തോല്‍പിക്കല്‍ ബ്ലാക് ക്യാപ്‌സിനെ സംബന്ധിച്ച് ശ്രമകരമാകും.
എന്നാലിപ്പോള്‍ മൂന്നാം മത്സരത്തില്‍ എന്ത് വിലകൊടുത്തും ജയിക്കണമെന്നാകും ഇന്ത്യ കണക്കുകൂട്ടുക. ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തെത്താന്‍ സാധിച്ചേക്കുമെന്ന് ഐ.സി.സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഐ.സി.സി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടും രണ്ടാം സ്ഥാനത്ത് ന്യൂസിലാന്‍ഡുമാണ്. ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നാലെയാണ് ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് വീണത്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്ന ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഇന്ത്യന്‍ ടീമുകള്‍ക്ക് നിലവില്‍ ഒരേ റേറ്റിങ് പോയിന്റാണുള്ളത്. 113 എന്ന റേറ്റിങ്ങാണ് മൂവര്‍ക്കുമുള്ളത്. പോയിന്റുകളുടെയും കളിച്ച മത്സരങ്ങളുടെ എണ്ണവും അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
ന്യൂസിലാന്‍ഡിനെതിരായ മൂന്നാം മത്സരം വിജയിച്ചാല്‍ റേറ്റിങ്ങില്‍ ഇന്ത്യക്ക് മുന്നോട്ട് കുതിക്കാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യ തന്നെയാകും ഒന്നാം സ്ഥാനക്കാര്‍.
112 റേറ്റിങ്ങുമായി ഓസ്‌ട്രേലിയ നാലാമതും 106 റേറ്റിങ്ങുമായി പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തുമാണ്.
(ഐ.സി.സി ഏകദിന റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)
റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മൂന്നാം മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഹര്‍ദിക്കും ഷര്‍ദുലും കുല്‍ദീപുമടക്കമുള്ള എല്ലാവരും തന്നെ കളം നിറഞ്ഞാടിയപ്പോള്‍ ന്യൂസിലാന്‍ഡ് 108 റണ്‍സിന് ഓള്‍ ഔട്ടായി.
ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമിയാണ് ഇന്ത്യക്കായി മത്സരം സ്വന്തമാക്കിയത്.
109 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റും 179 പന്തും ബാക്കിനില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.