ഇസ്‌ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ കൈക്കൊണ്ടുപോരുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പ്രസിഡന്റ് ആരിഫ് ആല്‍വി. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം തീക്കളിയാണെന്നും ഇതേ തീ ഇന്ത്യയുടെ മതേതരത്വത്തെ ഇല്ലാതാക്കിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ കനേഡിയന്‍ മീഡിയ ഔട്ട്‌ലെറ്റായ വൈസ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ സര്‍ക്കാര്‍ ഇപ്പോള്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിലൂടെ കശ്മീരിലെ സാഹചര്യം മെച്ചപ്പെടുമെന്നാണ് അവര്‍ കരുതിയിരിക്കുന്നത്. ഭരണഘടന ഭേദഗതി ചെയ്തതിലൂടെ അവര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യതിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ അതില്‍ പാക്കിസ്ഥാന് യാതൊരു നിലയിലുള്ള ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം വിഷയത്തില്‍ പ്രസ്താവനയൊന്നും ഇറക്കാത്തതില്‍ പാക്കിസ്ഥാന്‍ നിരാശരാണോ എന്ന ചോദ്യത്തിന് നേരത്തെ തന്നെ അന്തര്‍ ദേശീയവത്ക്കരിക്കപ്പെട്ട ഒരു പ്രശ്‌നമാണ് എന്നായിരുന്നു ആല്‍വിയുടെ മറുപടി.
കശ്മീരുമായി ബന്ധപ്പെട്ട നിരവധി സുരക്ഷാ സമിതി പ്രമേയങ്ങള്‍ ഇന്ത്യ അവഗണിച്ചതായും തര്‍ക്കം പരിഹരിക്കാന്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ വിസമ്മതിച്ചതായും ആരിഫ് ആല്‍വി ആരോപിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീര്‍ പിടിച്ചെടുക്കാന്‍ ആധിപത്യപരമായ ഉദ്ദേശ്യം ഇന്ത്യയ്ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു, പക്ഷേ അത് നടക്കില്ല ‘, ആരിഫ് ആല്‍വി പറഞ്ഞു. കശ്മീര്‍ വിഷയം എല്ലാ അന്താരാഷ്ട്ര ഫോറങ്ങളിലും പാക്കിസ്ഥാന്‍ തുടര്‍ന്നും ഉന്നയിക്കുമെന്നും ആരിഫ് ആല്‍വി പറഞ്ഞു.
ഇന്ത്യയ്ക്ക് ‘പുല്‍വാമ പോലുള്ള ആക്രമണം’ നടത്താനും പാകിസ്ഥാനെ ആക്രമിക്കാനും കഴിഞ്ഞേക്കാം. പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധം വേണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമില്ല. എന്നാല്‍ ഇന്ത്യയുദ്ധം ആരംഭിക്കുകയാണെങ്കില്‍ സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്- അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യാ-പാക് ബന്ധം വഷളായിരിക്കെ രാജ്യത്തിന്റെ ആണവായുധ നയത്തില്‍ വേണമെങ്കില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തിയിരുന്നു. ആണവായുധം ഇന്ത്യ ആദ്യമുപയോഗിക്കിക്കില്ല എന്ന നയത്തില്‍ ഭാവിയില്‍ മാറ്റമുണ്ടായേക്കാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഇന്നുവരെ ഇന്ത്യയുടെ ആണവ നയം സംഘര്‍ഷമുണ്ടായാല്‍ രാജ്യം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ്. ഭാവിയില്‍ ആ നയത്തില്‍ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക’, എന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാക്കുകള്‍. വേണ്ടി വന്നാല്‍ പാക്കിസ്ഥാനുമായി നേരിട്ടുള്ള ഏറ്റുമുട്ടലിന് ഇന്ത്യ തയ്യാറായേക്കുമെന്ന രീതിയിലും പ്രസ്താവനകളും കേന്ദ്ര നേതാക്കളില്‍ നിന്നും വന്നിരുന്നു.