വാഷിങ്ടണ്‍: നികുതി വിഷയത്തില്‍ വീണ്ടും ഇന്ത്യയ്ക്ക് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് വലിയ ഇറക്കുമതി നികുതിയാണ് അവരുടെ രാജ്യത്ത് ചുമത്തുന്നതെന്നും ഇനിയും ഇതേപടി തുടര്‍ന്നാല്‍ യു.എസും അതുപോലെ അമിത നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.
ചില യുഎ.സ് ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യ 100% നികുതി ഏര്‍പ്പെടുത്തുന്നത് ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ നികുതി ചുമത്തലിനെ ട്രംപ് വിമര്‍ശിച്ചത്.
‘അവര്‍ ഞങ്ങള്‍ക്ക് നികുതി ചുമത്തിയാല്‍, ഞങ്ങളും അവര്‍ക്ക് അതേ തുക നികുതിയായി ചുമത്തും. മിക്കപ്പോഴും അവര്‍ ഉയര്‍ന്ന നികുതിയാണ് ഞങ്ങള്‍ക്ക് മേല്‍ ചുമത്തുന്നത്. എന്നാല്‍ ഞങ്ങള്‍ ഇതുവരെ അവര്‍ക്കുമേല്‍ ഇപ്രകാരം നികുതി ചുമത്തിയിട്ടില്ല. ഇന്ത്യ 100 ശതമാനം നികുതി ഈടാക്കുകയാണെങ്കില്‍ ഞങ്ങളും അവരോട് അങ്ങനെതന്നെ ചെയ്യും,’ ട്രംപ് പറഞ്ഞു
ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഉയര്‍ന്ന താരിഫ് ഈടാക്കുന്നത് ഇന്ത്യയും ബ്രസീലും അടക്കമുള്ള രാജ്യങ്ങള്‍ ആണെന്ന് ട്രംപ് പറഞ്ഞത്.
കേവലം ഇന്ത്യയ്ക്ക് മാത്രമല്ല അയല്‍ രാജ്യമായ കാനഡയ്ക്കും ട്രംപിന്റെ അധിക നികുതി ഭീഷണിയുണ്ട്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെ കാനേഡിയന്‍ ഉത്പ്പന്നങ്ങള്‍ക്ക് യു.എസ് 25 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട് കനേഡിയന്‍ ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തെരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെ ആഗോള വിപണിയിലെ വിനിമയത്തിന് ഇന്ത്യ അടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിച്ചാല്‍ സമാനമായി നികുതി ചുമത്തി ഇല്ലാതാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ഇന്ത്യ-യു.എസ് ബന്ധം വളരെ ശക്തമായ സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് പടിയിറങ്ങുന്നതെന്ന് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി ചുമതലയേറ്റാലും ഈ ഉഭയകക്ഷിബന്ധം തുടരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: If India imposes 100% tax, we will do the same; Trump’s threat’s India again