'അവര്‍ തടഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഒരു ഹീറോ ആയേനെ'; സിദ്ധുവിനെക്കുറിച്ച് ഇമ്രാന്‍ ഖാനും പാക് മന്ത്രിയും നടത്തിയ സംഭാഷണം ചര്‍ച്ചയാകുന്നു- വീഡിയോ
national news
'അവര്‍ തടഞ്ഞിരുന്നെങ്കില്‍ അദ്ദേഹം ഒരു ഹീറോ ആയേനെ'; സിദ്ധുവിനെക്കുറിച്ച് ഇമ്രാന്‍ ഖാനും പാക് മന്ത്രിയും നടത്തിയ സംഭാഷണം ചര്‍ച്ചയാകുന്നു- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th November 2019, 5:01 pm

ന്യൂദല്‍ഹി: കര്‍ത്താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിന് ഒരുദിവസത്തിനു ശേഷം പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീഡിയോ വൈറലാകുന്നു. കോണ്‍ഗ്രസ് നേതാവ് നവ്‌ജോത് സിങ് സിദ്ധുവിനെക്കുറിച്ച് ഇമ്രാനും പാക് വിവര സാങ്കേതിക മന്ത്രി ഫിര്‍ദോസ് ആഷിക് അവാനും സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്നത്.

ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിദ്ധുവിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നെങ്കില്‍ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നുവെന്നാണ് സംഭാഷണത്തില്‍ ഫിര്‍ദോസ് പറയുന്നത്. ചടങ്ങില്‍വെച്ചു തന്റെ ഒപ്പമുള്ളവരോട് ഇമ്രാന്‍ സംസാരിക്കുന്നതാണ് വീഡിയോ.

ആ സംഭാഷണം ഇങ്ങനെ:

ഇമ്രാന്‍: എവിടെയാണ് സിദ്ധു? ഞാന്‍ ചോദിക്കുന്നത് എവിടെയാണു സിദ്ധുവെന്നാണ്.

ഫിര്‍ദോസ്: അദ്ദേഹം വന്നില്ലെങ്കില്‍ അത് അവരെ (മോദി സര്‍ക്കാരിന്) ബാധിക്കും.

ഇമ്രാന്‍: മന്‍മോഹന്‍ വന്നോ?

(തുടര്‍ന്ന് മന്‍മോഹന്‍ വന്ന കാര്യം സ്ഥിരീകരിച്ച ശേഷം ബാക്കി സംഭാഷണത്തിനായി ഫിര്‍ദോസ് എത്തുന്നു.)

ഫിര്‍ദോസ്: അവര്‍ അദ്ദേഹത്തെ തടഞ്ഞിരുന്നെങ്കില്‍, അദ്ദേഹം ഒരു ഹീറോയായേനെ. എല്ലാ വാര്‍ത്താ ചാനലുകളും ആ വാര്‍ത്ത കൈകാര്യം ചെയ്‌തേനെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിനയത്തെ പ്രശംസിച്ച് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി രംഗത്തെത്തിയതും ഉദ്ഘാടനച്ചടങ്ങിനിടെ ഏറെ ചര്‍ച്ചയായിരുന്നു.

ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി മന്‍മോഹന്‍ സിങ്ങിനെ കണ്ടുമുട്ടിയപ്പോഴായിരുന്നു 1990 കളില്‍ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഓര്‍മ്മിച്ച് മന്ത്രി രംഗത്തെത്തിയത്.

തന്റെ അരികില്‍ ഇരുന്ന മന്‍മോഹന്‍ സിങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഷാ മെഹ്മൂദ് ഖുറേഷി 90കളില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കണ്ട സന്ദര്‍ഭത്തെ കുറിച്ച് വാചാലനാവുകയായിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ വീട് സന്ദര്‍ശിച്ചപ്പോഴുള്ള അനുഭവമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. അന്ന് സിങ്ങിന്റെ ഭാര്യ ഉണ്ടാക്കിയ ചായ താന്‍ കുടിച്ചെന്നും മന്‍മോഹന്‍ സിങ് തന്നെയായിരുന്നു അന്ന് തനിക്കായി ചായ കൊണ്ടുവന്ന് തന്നതെന്നും ഖുറേഷി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാകിസ്ഥാന്‍ പട്ടണമായ നരോവാലില്‍ സിഖ് മതക്കാരുടെ ഏറ്റവും പുണ്യ ആരാധനാലം സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്ന കര്‍ത്താര്‍പൂര്‍ ഇടനാഴി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ശനിയാഴ്ച തുറന്നുകൊടുത്തിരുന്നു.

ഇടനാഴി തുറന്ന ശേഷം 562 ഓളം ഇന്ത്യന്‍ തീര്‍ഥാടകര്‍ കര്‍ത്താര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു.