കൊല്‍ക്കത്ത: കര്‍ണാടകയിലെ ജെ.ഡി.എസ്-കോണ്‍ഗ്രസ് സര്‍ക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് മുഖ്യമന്ത്രി കുമാരസ്വാമി. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബി.ജെ.പി വിരുദ്ധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“അവിടെ യാതൊരു പ്രശ്‌നവുമില്ല, 48 മണിക്കൂറുകൊണ്ട് എനിക്ക് വേണമെങ്കില്‍ ബി.ജെ.പി എം.എല്‍.എമാരെ പുറത്തെത്തിക്കാം.”
സര്‍ക്കാരിനെ ശല്യപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ ഭൂരിപക്ഷം തന്റെ സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
നേരത്ത ഓപ്പറേഷന്‍ ലോട്ടസിലൂടെ കര്‍ണാടക സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ വെല്ലുവിളിച്ചിരുന്നു. രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണയും പിന്‍വലിച്ചിരുന്നു. എന്നാല്‍ എം.എല്‍.എമാരെ കൂടെ നിര്‍ത്തിയ കോണ്‍ഗ്രസ് നീക്കം ബി.ജെ.പി പദ്ധതി തകര്‍ക്കുകയായിരുന്നു.
ബി.ജെ.പിയ്ക്കെതിരെ മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കളാണ് പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പാണിതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
WATCH THIS VIDEO: