|

'എന്നെ വീടിനുളളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്തതെല്ലെന്ന് മനസ്സിലാക്കണം', ആദിത്യ താക്കറക്കെതിരെ പരോക്ഷമായി കങ്കണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ നടി കങ്കണ റണൗത്ത് നടത്തുന്ന ആരോപണങ്ങള്‍ തുടരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറുടെയും മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെക്കെതിരെയാണ് കങ്കണയുടെ ഔദ്യോഗിക പി.ആര്‍ ടീം രംഗത്തു വന്നിരിക്കുന്നത്.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടന്വേഷിക്കുന്ന കേസില്‍ പുതിയ വഴിത്തിരിവുകള്‍ ഉണ്ടെന്നും പല പ്രമുഖരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പറയുന്ന പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട്് ഷെയര്‍ ചെയ്തു കൊണ്ടാണ് കങ്കണയുടെ ടീമിന്റെ ട്വീറ്റ് .

‘ എല്ലാവര്‍ക്കും അറിയാം, പക്ഷെ ആര്‍ക്കും അദ്ദേഹത്തിന്റെ പേര് പറയാന്‍ പറ്റില്ല. കരണ്‍ ജോഹറിന്റെ സുഹൃത്തും ലോകത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയുടെ മകനും. സ്‌നേഹത്തോടെ ബേബി പെന്‍ഗ്വിന്‍ എന്നു വിളിക്കും, എന്നെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയാല്‍ ഞാന്‍ ആത്മഹത്യ ചെയ്തതല്ലെന്ന് മനസ്സിലാക്കണമെന്നാണ് കങ്കണ പറയുന്നത്,’ കങ്കണയുടെ ടീം ട്വീറ്റ് ചെയ്തു.

ട്വീറ്റില്‍ സൂചിപ്പിച്ചയാള്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയാണെന്നാണ് സൂചന. ബേബി പെന്‍ഗ്വിന്‍ എന്ന പേരില്‍ നേരത്തെ ആദിത്യ താക്കറയെക്കെതിരെ ട്വിറ്ററില്‍ കളിയാക്കലുകള്‍ നടന്നിരുന്നു.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് കങ്കണ ഇതിനകം നടത്തിയിരിക്കുന്നത്. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതം സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

ഇതിനിടെ സുശാന്തിന്റെ മരണം ബിഹാര്‍-മഹാരാഷ്ട്ര രാഷ്ട്രീയ തര്‍ക്കത്തിലേക്കും വഴി മാറിയിരിക്കുകയാണ്. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന ആരോപണവുമായി ബീഹാര്‍ അഡ്വ. ജനറല്‍ ലളിത് കുമാര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ