Entertainment news
എനിക്കൊരു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം എന്റെ ഇച്ചാക്കയാണ്: മോഹന്‍ലാല്‍
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. കാലങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഇരുവരും. ആരാധകരുടെ എണ്ണത്തിലും രണ്ടുപേരും ഒട്ടും പുറകിലല്ല. വല്ലപ്പോഴും മാത്രമേ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച് സിനിമകളില്‍ അഭിനയിക്കാറുള്ളൂ. അത്തരത്തിലിറങ്ങിയ ചിത്രങ്ങളെല്ലാം വലിയ വിജയവുമായി മാറിയിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും ആരാധകര്‍ എപ്പോഴും കൊമ്പ് കോര്‍ക്കാറുണ്ട്.
എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ നടത്തിയ പ്രസംഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
ഫാന്‍സ് അസോസിയേഷന്‍ തുടങ്ങുമ്പോള്‍, സ്‌നേഹിക്കാന്‍ എന്തിനാണ് ലാലേട്ടാ സമ്മതമെന്ന് ആരാധകര്‍ ചോദിച്ചെന്നും തന്റെ പേരില്‍ മത്സരം പാടില്ല എന്ന നിബന്ധന മാത്രമാണ് താന്‍ പറഞ്ഞതെന്നും മോഹന്‍ലാല്‍ പറയുന്നു. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയാണ് തന്റെ ഫാന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹത്തിന്റെ ഗുരുത്വമാണ് ഇപ്പോഴും അത് മുന്നോട്ട് പോവാന്‍ കാരണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
‘എന്റെ അറിവും സമ്മതവും ഒന്നും കൂടാതെയാണ് ഈ കൂട്ടായ്മകള്‍ പലതും തുടങ്ങിയത്. സ്‌നേഹിക്കാന്‍ എന്തിനാ ലാലേട്ടാ സമ്മതം എന്നായിരുന്നു അന്ന് അവര്‍ എന്നോട് ചോദിച്ചത്. ആ ചോദ്യത്തിന് മറുത്തൊന്നും പറയാന്‍ എനിക്ക് കഴിഞ്ഞില്ല. എന്റെ പേരില്‍ മത്സരങ്ങള്‍ പാടില്ല എന്ന നിബന്ധന മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
അതിനെ തുടര്‍ന്നാണ് എല്ലാ യുണിറ്റുകളും ചേര്‍ന്ന് 1998 ല്‍ ആള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ആരംഭിക്കുന്നത്. അത് ഉദ്ഘാടനം ചെയ്തത് പ്രിയപ്പെട്ട മമ്മൂട്ടിക്കാ ആയിരുന്നു. ഞാന്‍ ഇച്ചാക്ക എന്ന് വിളിക്കുന്ന മമ്മൂട്ടിക്കാ. എന്റെ സഹോദര തുല്യനായ ഇച്ചാക്കയോടുള്ള സ്‌നേഹം ഈ അവസരത്തില്‍ ഞാന്‍ പ്രത്യേകം എടുത്തുപറയുന്നു.
വര്‍ഷങ്ങളായി തുടരുന്ന ആത്മബന്ധമാണ് ഞാനും ഇച്ചാക്കയും തമ്മിലുള്ളത്. എന്റെ സിനിമാ യാത്രയില്‍ എന്നും അദ്ദേഹം എന്റെ കൂടെയുണ്ട്. അദ്ദേഹം തുടങ്ങിവച്ച പ്രസ്ഥാനം 25 വര്‍ഷം കഴിഞ്ഞിട്ടും നന്നായി തന്നെ മുന്നോട്ട് പോവുന്നു. അത് അദ്ദേഹത്തിന്റെ ഗുരുത്വമായാണ് ഞാന്‍ കാണുന്നത്,’മോഹന്‍ലാല്‍ പറയുന്നു.
CONTENT HIGHLIGHTS: If I have a fan association, it is because of my idol: Mohanlal