|

രമേശ് ചെന്നിത്തലയുടെ വാക്ക് കേട്ടിരുന്നെങ്കില്‍ ഞാനിന്ന് നാലഞ്ച് തവണ എം.പിയായേനെ: രാജ്മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: രമേശ് ചെന്നിത്തല കെ.പി.സി.സി.സി അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞ വാക്ക് കേട്ടിരുന്നെങ്കില്‍ താന്‍ നാലഞ്ച് തവണ എം.പിയായേനെയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍.

പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടതെന്നും എന്നാല്‍ താനതിന് നല്‍കിയ മറുപടി ഭാരതപ്പുഴയ്ക്ക് അപ്പുറത്തേക്ക് ഇല്ലെന്നായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. പോപ്പഡോം എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രമേശ് ചെന്നിത്തലയോട് അക്കാലത്ത് അത്തരമൊരു മറുപടി പറഞ്ഞ താനാണ് പിന്നീട് കാസര്‍ഗോഡ് പോയി മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ഡി.സി.സി പ്രസിഡന്റായിരുന്ന എ.ബി. ഗോവിന്ദന്‍ പാര്‍ട്ടി വിടാനുണ്ടായ കാരണം തന്റെ വാശി കൂടിയായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് ഡി.സി.സി അന്ന് ഒറ്റക്കെട്ടായി താന്‍ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. 2024 ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ത്ഥിയായിരുന്ന എന്‍.കെ. സുധീറിനെയാണ് ആലത്തൂരില്‍ അന്ന് മത്സരിപ്പിച്ചത്. താനും സുധീറും അവിടെയും ഇവിടെയുമായി സ്ഥാനാര്‍ത്ഥികളാകണമെന്ന് തൃശൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്ന സി.എന്‍ ബാലകൃഷ്ണനും എ.ബി. ഗോവിന്ദനും ആഗ്രഹിച്ചതാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

അന്ന് താന്‍ വാശി പിടിച്ചുവെന്നും ഭാരതപ്പുഴയ്ക്ക് അപ്പുറത്തേക്ക് ഇല്ലെന്ന് രമേശ് ചെന്നിത്തലയോട് പറഞ്ഞുവെന്നുമാണ് രാജ്മോഹന്‍ പറയുന്നത്.

തലശ്ശേരിയിലും കുണ്ടറയിലും മത്സരിച്ച് തോറ്റ തനിക്ക് മൂന്നാമതൊരു തോല്‍വി വേണ്ടെന്നാണ് മനസ് പറഞ്ഞത്. എന്നാല്‍ അതുകൊണ്ട് മാത്രമായിരുന്നില്ല ആ തീരുമാനം. പാലക്കാട് പിന്നീട് മത്സരിച്ചത് സതീശന്‍ പാച്ചേനിയായിരുന്നു. അദ്ദേഹം 1000 വോട്ടുകള്‍ക്കാണ് തോറ്റത്. എന്നാല്‍ രമേശ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു താന്‍ പാലക്കാട് ജയിക്കുമെന്ന്. ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്ന് തനിക്കും ഉറപ്പുണ്ടായിരുന്നുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.

എന്തിനാണ് അന്യനാട്ടില്‍ പോയി മത്സരിക്കുന്നതെന്ന തോന്നലും ഉണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റാകുന്നതിനേക്കാള്‍ നല്ലത് നമ്മുടെ വാര്‍ഡിലെ ഒരു പഞ്ചായത്ത് മെമ്പര്‍ ആകുന്നതല്ലേയെന്നും ചിന്തിച്ചിരുന്നു. എന്നാല്‍ കുണ്ടറയില്‍ മത്സരിച്ചതോടെ മനസിലായി ജന്മനാട്ടില്‍ ആരും നമ്മളെ വിജയിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു തവണയെങ്കിലും എം.പിയാകാനുള്ള ആഗ്രഹം കൊണ്ടാണ് കാസര്‍ഗോഡ് പോയി മത്സരിച്ചത്. കൊല്ലത്ത് നിന്നാല്‍ ചാകുന്നത് വരെ താന്‍ ഒന്നുമാകില്ല. അസൂയക്കും കഷണ്ടിക്കും മരുന്നില്ല. ഒറ്റ ഒരുത്തന്‍ രക്ഷപെടാന്‍ നമ്മുടെ പാര്‍ട്ടി അവിടെ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ജീവിതം ഒരു ഏണിയും പാമ്പുമായിരുന്നു. കട്ടിലില്‍ കിടന്നുകൊണ്ട് സ്വകാര്യ ദുഃഖങ്ങള്‍ കരഞ്ഞ് തീര്‍ത്ത ഒരാള്‍ കൂടിയാണ് താന്‍. എന്നാല്‍ ഇതുവരെ പാര്‍ട്ടിക്കെതിരെ മത്സരിക്കാനോ മിണ്ടാനോ നിന്നിട്ടില്ലെന്നും മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനെ വരെ വെല്ലുവിളിച്ചിട്ടുണ്ടെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

Content Highlight: If I had listened to Ramesh Chennithala, I would have become MP four or five times: Rajmohan Unnithan