| Monday, 30th September 2024, 12:23 pm

ഞാന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളില്‍ സി.പി.ഐ.എമ്മിന് ഭരണം നഷ്ടപ്പെടും: പി.വി.അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സി.പി.ഐ.എമ്മിനെതിരെ വീണ്ടും വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ. തെരഞ്ഞെടുപ്പ് അടുത്ത് വരികയാണെന്നും താന്‍ വിചാരിച്ചാല്‍ 25 ഓളം പഞ്ചായത്തുകള്‍ സി.പി.ഐ.എമ്മിന് നഷ്ടമാവുമെന്നും പറഞ്ഞ അന്‍വര്‍ പാര്‍ട്ടി വെല്ലുവിളിച്ചാല്‍ അതിന്‌ തയ്യാറാകുമെന്ന് പറഞ്ഞു. ഇന്നലെ നിലമ്പൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണത്തിന് സമാനമായി ഇന്ന്(തിങ്കളാഴ്ച്ച) കോഴിക്കോടും അടുത്ത ദിവസങ്ങളില്‍ മഞ്ചേരിയിലുമായി യോഗം നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശിക്ക് പങ്കുണ്ടെന്ന് പറഞ്ഞ അന്‍വര്‍ ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുത്തേണ്ട സമയം അതിക്രമിച്ചെന്നും മാധ്യമങ്ങളോട് പറഞ്ഞു.

മലപ്പുറത്തിന് പുറമെ പാലക്കാട്, കോഴിക്കോട്, ജില്ലകളിലെ പഞ്ചായത്ത് ഭരണം താന്‍ വിചാരിച്ചാന്‍ സി.പി.ഐ.എമ്മിന് നഷ്ടപ്പെടുമെന്ന് പറഞ്ഞ അന്‍വര്‍ പാര്‍ട്ടി തന്റെ മെക്കിട്ട് കയറിയാല്‍ താനും പറയുമെന്നും വെല്ലുവിളിക്കുകയുണ്ടായി.

കൂടാതെ നിലമ്പൂരില്‍ ഇന്നലെ നടത്തിയ സദസ്സിലെ ആള്‍ക്കൂട്ടത്തെ ജനം വിലയിരുത്തട്ടെയെന്ന് പറഞ്ഞ നിലമ്പൂര്‍ എം.എല്‍.എ പാര്‍ട്ടി തന്നെ കള്ളന്‍ ആക്കിയപ്പോഴാണ് പ്രതികരിച്ചതെന്നും പറഞ്ഞു.

കേരളത്തിലെ തൊഴിലിലായ്മയെക്കുറിച്ച് പറഞ്ഞ അന്‍വര്‍ ഇവിടുത്തെ യുവാക്കള്‍ നിരാശരാണെന്നും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി അവര്‍ വിദേശത്തേക്ക് പോവുകയാണെന്നും ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യത്തെ മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

‘കാനഡ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ വിദേശികളെ സ്വീകരിക്കുന്നത് കുറഞ്ഞിരിക്കുകയാണ്. കാരണം വിദേശികളുടെ എണ്ണം വര്‍ധിച്ചതോടെ അവിടെ താമസം ലഭിക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഇവിടെ നിന്നുള്ള ആളുകള്‍ അവിടെ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനാല്‍ അവിടെ ആര്‍ക്കും ശമ്പളം വര്‍ധിക്കുന്നില്ല. അതോടെ അവിടുത്തെ ജോലി സാധ്യതയും ഇല്ലാതായി.എന്റെ നെഞ്ചത്തേക്ക് കയറുന്നതിന് പകരം സര്‍ക്കാര്‍ യുവാക്കളുടെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാനാണ് ശ്രമിക്കേണ്ടത്,’ അന്‍വര്‍ പറഞ്ഞു.

അതേസമയം പാര്‍ട്ടിക്കാരാരോടും തന്നെ ഇന്നലെ നിലമ്പൂരില്‍ വെച്ച് നടന്ന വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ അന്‍വര്‍ കേരളത്തിലെ 140 മണ്ഡലങ്ങളിലും തന്നെ സ്‌നേഹിക്കുന്നുണ്ടവരുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം അന്‍വറിന്റെ രാഷ്ട്രീയ മാറ്റത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഉടമസ്ഥതിയിലുണ്ടായിരുന്ന കക്കാടംപൊയിലുള്ള പി.വി.ആര്‍ നാച്ചുറോ റിസോര്‍ട്ടിലെയും പാര്‍ക്കിലെയും അനധികൃത തടയണകള്‍ പൊളിച്ചു നീക്കാന്‍ സി.പി.ഐ.എം ഭരിക്കുന്ന കൂടരഞ്ഞി പഞ്ചായത്ത് ശ്രമം ആരംഭിച്ചിട്ടുണ്ട്.

Content Highlight: If i decide CPIM will lose power in 25 panchayats says  PV Anwar

Latest Stories

We use cookies to give you the best possible experience. Learn more