| Monday, 4th November 2024, 4:53 pm

ഞാന്‍ അധികാരത്തില്‍ എത്തിയാല്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കും: കമല ഹാരിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിഷിഗണ്‍: താന്‍ പ്രസിഡന്റായി അധികാരത്തില്‍ എത്തിയാല്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസ്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണങ്ങള്‍ക്കായി മിഷിഗണില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മിഷിഗണിലെ ഈസ്റ്റ് ലാന്‍സിംഗില്‍ നടന്ന റാലിയില്‍, സംസ്ഥാനത്തെ 2,00,000 അറബ് അമേരിക്കക്കാരെ അഭിസംബോധന ചെയ്തു സംസാരിച്ച കമല ഹാരിസ്, യുദ്ധം അവസാനിപ്പിക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

ഗസയിലെ യുദ്ധം അവസാനിപ്പിക്കുകയും ബന്ദികളെ തിരികെ നാട്ടിലെത്തിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ഇസ്രഈലിന്റെ സുരക്ഷ ഉറപ്പുവരുത്തുമെന്നും കമല റാലിയില്‍വെച്ച് പ്രതിജ്ഞയെടുത്തു.

‘ ഈ വര്‍ഷം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്ന് എനിക്കറിയാം. ഗസയില്‍ സംഭവിച്ച മരണങ്ങളും നാശനഷ്ടങ്ങളും ലെബനനിലെ പലായനങ്ങളും പൗരന്മാര്‍ക്കുണ്ടായ നാശനഷ്ടങ്ങളിലൂടെയും കടന്നുപോയ വര്‍ഷമായിരുന്നു ഇത്.

ഞാന്‍ അധികാരത്തില്‍ എത്തിയാല്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കാനും ബന്ദികളെ തിരിക കൊണ്ടുവരാനും ഇസ്രഈലിനെ സുരക്ഷിതമാക്കാനുമുള്ള എന്നാല്‍ സാധിക്കുംവിധമുള്ള എല്ലാ ശ്രമങ്ങളും നടത്തും. ഫലസ്തീന്‍ ജനതയുടെ അന്തസും സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യും,’ റാലിയില്‍ വെച്ച് കമല ഹാരിസ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നതെന്നാണ് സര്‍വെകള്‍ സൂചിപ്പിക്കുന്നത്.

ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട സര്‍വെ പ്രകാരം നിര്‍ണായകമായ ഏഴ് സംസ്ഥാനങ്ങളില്‍ നാല് ഇടങ്ങളില്‍ കമല ഹാരിസിനാണ് മുന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. അതേസമയം പകുതിയോളം വരുന്ന അമേരിക്കക്കാര്‍ ഇതിനകം തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: If i came into power, the war in Gaza will end says Kamala Harris

Latest Stories

We use cookies to give you the best possible experience. Learn more