വാഷിങ്ടണ്‍: താന്‍ അധികാരത്തില്‍ തിരികെ വരുന്നതിന് മുമ്പ് ഹമാസ് തടവിലാക്കിയ മുഴുവന്‍ ബന്ദികളേയും മോചിപ്പില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഗസയില്‍ തടവില്‍വെച്ചിരിക്കുന്ന മുഴുവന്‍ ബന്ദികളേയും 2025 ജനുവരി 20ന് മുമ്പായി മോചിപ്പിച്ചില്ലെങ്കില്‍ പശ്ചിമേഷ്യയിലുള്ളവര്‍ അതിനുള്ള വില നല്‍കേണ്ടി വരുമെന്ന് പറഞ്ഞ ട്രംപ് മനുഷ്യത്വത്തിനെതിരായ ഇത്തരം ആക്രമണങ്ങള്‍ നടത്തിയവര്‍ അതിനുള്ള ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഹമാസിന് മുന്നറിയിപ്പ് നല്‍കി.
‘അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാണ് ഉത്തരവാദികളെ കാത്തിരിക്കുന്നത്. അതിനാല്‍ ബന്ദികളെ ഇപ്പോള്‍ തന്നെ മോചിപ്പിക്കുക,’ ട്രംപ് പറഞ്ഞു.
ഇതാദ്യമായല്ല ഹമാസിനെതിരെ ട്രംപ് ഇത്രയും തീവ്രമായ നിലപാടുകള്‍ സ്വീകരിക്കുന്നത്. താന്‍ അധികാരത്തില്‍ എത്തിയാല്‍ ബന്ദികളെ മോചിപ്പിച്ച് ഗസയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തന്റെ ആദ്യഭരണ കാലയളവില്‍ എപ്പോഴും ഇസ്രഈലിനെ പിന്തുണയ്ക്കുന്ന നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
2017 മുതല്‍ 2021 വരെയുള്ള ആദ്യ ടേമില്‍, ട്രംപ് ഇസ്രഈലിനെ പൂര്‍ണ്ണമായി പിന്തുണച്ചിരുന്നു. ഇസ്രഈലിലെ യു.എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയത് ട്രംപിന്റെ ഭരണത്തിന് കീഴിലാണ്.
സിറിയയിലെ ഗോലാന്‍ കുന്നുകളില്‍ ഇസ്രഈലിന് പരമാധികാരം ഉണ്ടെന്നും ട്രംപ് വിശ്വസിക്കുന്നുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായ ഇസ്രഈലി സെറ്റില്‍മെന്റുകള്‍ വളരെ വേഗത്തില്‍ വിപുലീകരണമെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
എന്നിരുന്നാല്‍പ്പോലും ഈ തെരഞ്ഞെടുപ്പില്‍ അറബ് അമേരിക്കന്‍, മുസ്‌ലിം കമ്മ്യൂണിറ്റികള്‍ക്കുള്ളില്‍ നിന്ന് കമല ഹാരിസിനേക്കാള്‍ വോട്ടുകള്‍ നേടാന്‍ ട്രംപിന് സാധിച്ചു. ബൈഡന്റെ ഇസ്രഈല്‍ അനുകൂല നയങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കമല ഹാരിസിന് തിരിച്ചടിയായെന്നാണ് മിഷിഗണിലടക്കമുള്ള ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി അടുത്തിടെയേറ്റ ഏറ്റവും വലിയ പരാജയമാണിത്.
യു.എസിലെ ഏറ്റവും വലിയ അറബ് അമേരിക്കന്‍ ഭൂരിപക്ഷ നഗരമായ ഡിയര്‍ബോണില്‍, കമലാ ഹാരിസിന് 2020ല്‍ ബൈഡന് ലഭിച്ചതിന്റെ പകുതി വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഹാരിസ് 36 ശതമാനം വോട്ട് നേടിയപ്പോള്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്റ്റെയ്ന്‍ 18 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കി.
Content Highlight: If Hostages Are Not Released before my oath Hamas will be punished says Donald Trump