NATIONALNEWS
'കശ്മീരികള്‍ ശബ്ദിച്ചാലുള്ള പ്രത്യാഘാതം വലുതാണ്': ജമ്മുവില്‍ അധ്യാപകന്റെ സസ്‌പെന്‍ഷനെതിരെ മുഫ്തി
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോടതിയില്‍ വാദിച്ച അധ്യാപകന്‍ സഹൂര്‍ അഹമ്മദ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്ത വിഷയത്തില്‍ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മുവിലെ ജനങ്ങള്‍ക്ക് കാഴ്ചക്കാരായി ഇരിക്കുക അല്ലെങ്കില്‍ ശബ്ദിക്കുക എന്നീ ചോയ്‌സ് മാത്രമേയുള്ളുവെന്ന് മുഫ്തി പറഞ്ഞു. എന്നാല്‍ രണ്ടാമത്തെ ചോയ്‌സ് തെരഞ്ഞെടുത്താലുള്ള പ്രത്യാഘാതം വലുതായിരിക്കുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
‘ ഇത് മഞ്ഞുമലയുടെ അഗ്രഭാഗം മാത്രമാണ്. ആര്‍ട്ടിക്കിള്‍ 370 നിയമവിരുദ്ധമായി റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിലെ ജനങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ചില തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഒന്നുകില്‍ അവരവരുടെ ജീവിതവും ഉപജീവനമാര്‍ഗവുമായി മുന്നോട്ട് പോകുകയും ഭൂമി തട്ടിയെടുക്കുന്നത് കണ്ടുകൊണ്ടിരിക്കുകയും ചെയ്യുക. അല്ലെങ്കില്‍ ശബ്ദമുയര്‍ത്തുക. ഇത് മാരകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തെരഞ്ഞെടുപ്പാണ്. ഓരോ കശ്മീരികള്‍ക്കും സുപ്രീം കോടതിയുടെ വാതിലില്‍ മുട്ടാന്‍ കഴിയില്ല,’ മുഫ്തി പറഞ്ഞു.
ഈ വിഷയം സുപ്രീം കോടതിയുടെ മുന്നാകെ ഉയര്‍ത്തിയ അഭിഭാഷകന്‍ കപില്‍ സിബലിന് നന്ദി പറയുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ട്വീറ്റ് ചെയ്തു.
‘സഹൂര്‍ ഭട്ടിന്റെ പ്രശ്‌നം സുപ്രീം കോടതിയില്‍ ഉയര്‍ത്തിയതിന് കപില്‍ സിബലിന് നന്ദി. 2015 ഓഗസ്റ്റ് അഞ്ചിലെ സംഭവങ്ങള്‍ക്കെതിരെ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ തന്റെ ഹരജിയില്‍ വാദിച്ച് തിരിച്ച് വന്നയുടനെ സഹൂറിനെ സസ്‌പെന്‍ഡ് ചെയ്തു,’ അദ്ദേഹം പറഞ്ഞു.
ഓഗസ്റ്റ് 24ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ആശങ്ക പ്രകടിപ്പിച്ച് സഹൂര്‍ അഹമ്മദ് ഭട്ട് കോടതിക്ക് മുന്‍പാകെ ഹാജരായിരുന്നു. എന്നാല്‍ രണ്ട് ദിവസത്തെ അവധിയെടുത്ത് കോടതിയിലെത്തിയ ഭട്ട് തിരികെയെത്തുമ്പോള്‍ ജമ്മു കശ്മീര്‍ വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാദം കേള്‍ക്കുന്നതിനിടെ കപില്‍ സിബല്‍ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത കാര്യം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇത് ന്യായമല്ലെന്നും ഇക്കാര്യം അറ്റോര്‍ണി ജനറല്‍ പരിശോധിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംഭവത്തെ കുറിച്ച് പരിശോധിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍.വി. വെങ്കിട്ടരമണിയോട് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചു.
CONTENT HIGHLIGHTS: ‘If helpers speak up, the impact is big’: Mufti against suspension of teacher’s pension in Jammu