| Sunday, 6th August 2023, 8:13 pm

മൂന്ന് സിക്‌സറടിച്ചാല്‍ സെഞ്ച്വറി; ചരിത്രനേട്ടം കുറിച്ച് മൂന്നാമനും 13ാമനും ആകാന്‍ സ്‌കൈ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20ക്ക് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയാവുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യ മത്സരത്തിലെ പരാജയം മറികടക്കാനൊരുങ്ങിയാണ് ഇന്ത്യ രണ്ടാം മത്സരത്തിന് പടയൊരുക്കം നടത്തുന്നത്.

ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര സജീവമാക്കി നിര്‍ത്താന്‍ വിജയം അനിവാര്യമാണ്.

ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവിനെ ഒരു റെക്കോഡ് നേട്ടവും ഈ മത്സരത്തില്‍ കാത്തിരിക്കുന്നുണ്ട്. ഇന്ത്യക്കായി അന്താരാഷ്ട്ര മത്സരങ്ങളില്‍ നൂറ് സിക്‌സര്‍ നേടുന്ന താരം എന്ന റെക്കോഡാണ് അണിയറയില്‍ ഒരുങ്ങുന്നത്.

നിലവില്‍ 97 സിക്‌സര്‍ തന്റെ പേരില്‍ കുറിച്ച സൂര്യകുമാറിന് മൂന്ന് സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ 100 എന്ന മാജിക്കല്‍ നമ്പറിലെത്താം.

മൂന്ന് സിക്‌സര്‍ കൂടി നേടിയാല്‍ ടി-20യില്‍ 100 സിക്‌സര്‍ തികയ്ക്കുന്ന 13ാമത് താരമെന്ന റെക്കോഡും മൂന്നാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡും സൂര്യകുമാറിന് സ്വന്തമാക്കാന്‍ സാധിക്കും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും (182 സിക്‌സര്‍), വിരാട് കോഹ്‌ലിയും (117 സിക്‌സര്‍) ആണ് ഇതിന് മുമ്പ് സിക്‌സറില്‍ സെഞ്ച്വറിയടിച്ച ഇന്ത്യന്‍ താരങ്ങള്‍.

എന്നാല്‍ നിലവില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് സൂര്യകുമാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് പട്ടികയിലെ മൂന്നാമന്‍. 72 മത്സരത്തിലെ 68 ഇന്നിങ്‌സില്‍ നിന്നും 99 സിക്‌സറുകളാണ് രാഹുലിന്റെ പേരിലുള്ളത്.

അതേസമയം, ആദ്യ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നെറ്റ്‌സില്‍ പ്രാക്ടീസിനിടെ പരിക്കേറ്റ കുല്‍ദീപ് യാദവിന് പകരം രവി ബിഷ്‌ണോയ് ആണ് പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യ ഇലവന്‍

ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ് ഇലവന്‍

ബ്രാന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ജോണ്‍സണ്‍ ചാള്‍സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ഒബെഡ് മക്കോയ്.

Content Highlight: If he hits three more sixes, Suryarumar Yadav can take the record of 100 T20I sixes.

We use cookies to give you the best possible experience. Learn more