| Friday, 12th May 2023, 3:41 pm

ജെയ്‌സ്വാള്‍ സെഞ്ച്വറിയടിച്ചിരുന്നുവെങ്കില്‍ അതും സംഭവിച്ചേനേ; രണ്ട് റണ്‍സിന് നഷ്ടമായത് തകര്‍പ്പന്‍ നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തില്‍ ഹോം ടീമിനെതിരെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കിയാണ് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയത്. ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ പേരില്‍ കുറിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയും എതിരാളികളെ 149 റണ്‍സിന് എറിഞ്ഞൊതുക്കുകയുമായിരുന്നു. 150 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ രാജസ്ഥാന്‍ 13.1 ഓവറില്‍ വിജയം സ്വന്തമാക്കി.

ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സാണ് രാജസ്ഥാന് തുണയായത്. ജെയ്‌സ്വാള്‍ 47 പന്തില്‍ നിന്നും പുറത്താകാതെ 98 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സായിരുന്നു സഞ്ജു സ്വന്തമാക്കിയത്.

ജെയ്‌സ്വാളിന് സെഞ്ച്വറി നേടാനുള്ള അവസരം സഞ്ജു ഒരുക്കി നല്‍കിയിരുന്നു. മനപ്പൂര്‍വം വൈഡ് എറിഞ്ഞ സുയാഷിന്റെ പന്ത് കൃത്യമായി ഡിഫന്‍ഡ് ചെയ്ത സഞ്ജു സ്‌ട്രൈക്ക് ജെയ്‌സ്വാളിന് കൈമാറുമ്പോള്‍ 94 റണ്‍സായിരുന്നു താരത്തിനുണ്ടായിരുന്നത്.

സിക്‌സറടിച്ച് മത്സരം വിജയിപ്പിക്കാനും സെഞ്ച്വറി തികയ്ക്കാനും സഞ്ജു ജെയ്‌സ്വാളിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ബൗണ്ടറിയടിച്ചാണ് ജെയ്‌സ്വാള്‍ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാനെ വിജയിപ്പിച്ചത്. സെഞ്ച്വറി നഷ്ടപ്പെട്ടതിന്റെ ഒരു ആവലാതിയുമില്ലാതെ ടീമിന്റെ വിജയത്തില്‍ താരം മതിമറന്നാഘോഷിക്കുകയായിരുന്നു.

ഒരുപക്ഷേ ഈ മത്സരത്തില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചിരുന്നെങ്കില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കുയരാനും ജെയ്‌സ്വാളിന് സാധിക്കുമായിരുന്നു. നിലവിലെ ഓറഞ്ച് ക്യാപ് ഹോള്‍ഡര്‍ ഫാഫ് ഡു പ്ലെസിയെക്കാളും വെറും ഒറ്റ റണ്‍സാണ് ജെയ്‌സ്വാളിന് കുറവുള്ളത്.

11 മത്സരത്തില്‍ നിന്നും 57.60 ശരാശരിയിലും 157.80 എന്ന സ്‌ട്രൈക്ക് റേറ്റിലും 576 റണ്‍സാണ് ഫാഫിന്റെ സമ്പാദ്യമെങ്കില്‍ 12 മത്സരത്തില്‍ നിന്നും 52.27 എന്ന ആവറേജില്‍ 575 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്. 167.15 ആണ് താരത്തിന്റെ പ്രഹരശേഷി.

നിര്‍ണായകമായ അടുത്ത രണ്ട് മത്സരത്തിലും ജെയ്‌സ്വാള്‍ ഈ ഫോം തുടരുമെന്നും രാജസ്ഥാനെ പ്ലേ ഓഫിലെത്തിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight:  If he had scored a century in the last match, Yashaswi Jaiswal could have won the Orange Cap

We use cookies to give you the best possible experience. Learn more