| Tuesday, 16th January 2024, 10:38 pm

ഇരട്ട റെക്കോഡിടുമോ?, പത്ത് വിക്കറ്റകലെ കാത്തിരിക്കുന്നത് ഐതിഹാസിക നേട്ടം; ഇന്ത്യന്‍ ചരിത്രത്തിലെ രണ്ടാമനാകാന്‍ അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് പരമ്പരയുടെ ആവേശത്തിലാണ് ആരാധകര്‍. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുക.

ഇതിന് മുമ്പ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടിയ പരമ്പര 2-2ന് സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് വിജയം നഷ്ടമായത്.

ജനുവരി 25ന് ആരംഭിക്കുന്ന പരമ്പരയില്‍ ആര്‍. അശ്വിനാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷ വെക്കുന്ന താരങ്ങളില്‍ പ്രധാനി. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ തിളങ്ങുന്ന അശ്വിന്‍ ഇംഗ്ലണ്ടിനെ തറപറ്റിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ഈ പരമ്പരയില്‍ അശ്വിനെ ഒരു റെക്കോഡ് നേട്ടവും കാത്തിരിക്കുന്നുണ്ട്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 500 വിക്കറ്റ് എന്ന കരിയര്‍ മൈല്‍ സ്‌റ്റോണാണ് അശ്വിന് മുമ്പിലുള്ളത്. പത്ത് വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ അശ്വിന് ഈ നേട്ടത്തിലെത്താം.

നിലവില്‍ 95 ടെസ്റ്റിലെ 179 ഇന്നിങ്‌സില്‍ നിന്നും 490 വിക്കറ്റാണ് അശ്വിന്‍ തന്റെ പേരില്‍ കുറിച്ചത്. 23.69 എന്ന ശരാശരിയിലും 51.4 സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന അശ്വിന് 2.76 എന്ന മികച്ച എക്കോണമിയുമുണ്ട്.

ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റ് നേടാന്‍ സാധിച്ചാല്‍ ഇന്ത്യക്കായി ടെസ്റ്റില്‍ 500 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത് താരമാകാന്‍ അശ്വിന് സാധിക്കും. ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് നിലവില്‍ 500 ടെസ്റ്റ് വിക്കറ്റുള്ള ഏക ഇന്ത്യന്‍ താരം. 619 വിക്കറ്റാണ് കുംബ്ലെ സ്വന്തമാക്കിയത്.

ഇതിന് പുറമെ മറ്റൊരു റെക്കോഡും അശ്വിന് മുമ്പിലുണ്ട്. ഇന്ത്യക്കായി 100 ടെസ്റ്റ് മത്സരം കളിക്കുക എന്ന റെക്കോഡാണ് അശ്വിന് മുമ്പിലുള്ളത്. നിലവില്‍ 95 മത്സരങ്ങള്‍ കളിച്ച അശ്വിന് പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിച്ചാല്‍ ഈ നേട്ടവും സ്വന്തമാക്കാം. വെറും 13 താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ 100 ടെസ്റ്റ് കളിച്ചിട്ടുള്ളത്.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ ഷെഡ്യൂള്‍

ആദ്യ ടെസ്റ്റ് -ജനുവരി 25-29 – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം, ഹൈദരാബാദ്

രണ്ടാം ടെസ്റ്റ് – ഫെബ്രുവരി 2-6 – എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയം, വിശാഖപട്ടണം.

മൂന്നാം ടെസ്റ്റ് – ഫെബ്രുവരി 15-19 – സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം

നാലാം ടെസ്റ്റ് – ഫെബ്രുവരി 23-27 – ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം കോംപ്ലക്‌സ്, റാഞ്ചി

അഞ്ചാം ടെസ്റ്റ് – മാര്‍ച്ച് 7-11 – ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, ധര്‍മശാല

ഇംഗ്ലണ്ട് സ്‌ക്വാഡ്:

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, രെഹന്‍ അഹമ്മദ്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ഒല്ലി പോപ്പ്, ജെയിംസ് ആന്‍ഡേഴ്സണ്‍, ഗസ് അറ്റ്കിന്‍സണ്‍, ഷോയിബ് ബഷീര്‍, ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഒല്ലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.

ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശ്വസി ജയ്സ്വാള്‍, വിരാട് കോഹ്‌ലി ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

Content Highlight:  If he gets ten wickets, Ashwin can reach the historic achievement of 500 wickets

We use cookies to give you the best possible experience. Learn more